
 താണാവ് മുതൽ നാട്ടുകൽ വരെയുള്ള ദൂരം 43.72 കിലോമീറ്റർ.
 ദേശീയപാതയിൽ ഈ ദൂരം നവീകരിക്കാൻ 289 കോടിയാണ് കേന്ദ്ര ഉപരിതല മന്ത്രാലയം അനുവദിച്ചത്.
 റോഡ് വീതികൂട്ടാൻ സ്ഥലമേറ്റെടുത്തത് ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ്.
മുണ്ടൂർ: ജനകീയ പ്രതിഷേധത്തെ തുടർന്ന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിന് സമീപം പൊരിയാനിയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമ്മാണം തത്ക്കാലം നിറുത്തിവെച്ചെങ്കിലും ജനങ്ങളുടെ ആശങ്ക മാറിയിട്ടില്ല. ടോൾ ബൂത്ത് നിർമ്മാണവും പിരിവും സംബന്ധിച്ച് ഇതുവരെയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നയം വ്യക്തമാക്കാത്തതാണ് കാരണം. ദേശീയപാത അതോറിറ്റി എട്ടുകോടി ഉപയോഗിച്ചാണ് ടോൾ ബൂത്ത് നിർമ്മിക്കുന്നത്. താണാവ് മുതൽ പെരിന്തൽമണ്ണ വരെ പുനർനിർമ്മിക്കുന്ന ദേശീയപാതയിൽ മുണ്ടൂരിനും താണാവിനുമിടയിലാണ് ടോൾ ബൂത്ത് വരുന്നത്. ഇവിടെ ടോൾ ബൂത്ത് നിർമ്മിച്ചാൽ കോങ്ങാട്, ശ്രീകൃഷ്ണപുരം, പറളി, ഭാഗങ്ങളിൽ നിന്ന് വരുന്നവർ അന്യായമായി ടോൾ നൽകേണ്ടി വരുമെന്നതാണ് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്.
നിർമ്മാണം മാനദണ്ഡങ്ങൾ പാലിക്കാതെ
ടോൾ ബൂത്ത് നിർമ്മിക്കുന്ന രീതി അശാസ്ത്രീയവും ജനങ്ങളെ കൊള്ളയടിക്കാനുമാണെന്ന് തദ്ദേശവാസികൾ ആരോപിക്കുന്നു. ടോൾ ബൂത്ത് നിർമ്മാക്കാൻ പാലിക്കുന്ന പ്രധാന മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കുന്നില്ല. ദേശീയപാതയുടെ നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളും ഗുണനിലവാരവുമില്ല. ദേശീയപാതയിൽ അപകട ജംഗ്ഷനുകളുടെ അപാകത അവശേഷിക്കുന്നു. ഇതെല്ലാം പരിഹരിച്ചുമാത്രമേ മുന്നോട്ട് പോകാവൂ എന്നും ജനകീയ സമരസമിതി പറയുന്നു. 100 കോടി രൂപയിലധികമുള്ള പദ്ധതികൾക്ക് ടോൾ പിരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ദേശീയ പാതയിലും ടോൾ ബൂത്ത് സ്ഥാപിക്കാൻ സൗകര്യമൊരുക്കുന്നതെന്ന് പാത നവീകരണ ചുമതല ഏറ്റെടുത്ത കരാറുകാർ പറയുന്നു. വിശദ രൂപരേഖ പ്രകാരമാണ് ടോൾ ബൂത്തിന് പശ്ചാത്തലമൊരുക്കി നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമിട്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ടോൾ ബൂത്ത്, ടോൾ പിരിവ് എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നും അവർ വ്യക്തമാക്കി.
നിർമ്മാണം നിർത്തിവെക്കാൻ ധാരണ
പൊരിയാനിയിൽ അന്തിമ തീരുമാനം വരുന്നത് വരെ ടോൾ ബൂത്ത് നിർമ്മാണം നിറുത്തിവെക്കാനാണ് ധാരണ. ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്ഥലം സന്ദർശിച്ചശേഷം നടത്തിയ ചർച്ചയിലാണ് തീരുമാനം. എ.പ്രഭാകരൻ എം.എൽ.എയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമാണ് സ്ഥലം സന്ദർശിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി. ടോൾ ബൂത്തിന്റെയും അതുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെയും പണി നിറുത്തിവെക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.