
കടമ്പഴിപ്പുറം: പാളമല കോളനി നിവാസികൾക്ക് കുടിവെള്ളത്തിനും കാർഷിക പദ്ധതികൾക്കുള്ള ജലസ്രോതസിനും വേണ്ടി തുറന്ന കിണർ നിർമ്മാണത്തിനായി അനുവദിച്ച ഫണ്ട് പലിശയടക്കം തിരിച്ചടച്ച് കടമ്പഴിപ്പുറം പഞ്ചായത്ത്.
2013-ൽ പട്ടിക വർഗ വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ കടമ്പഴിപ്പുറം പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറിയിരുന്നു. കിണർ കുഴിച്ചു കോളനിയിൽ തന്നെ ജലസംഭരണി സ്ഥാപിച്ചു വീടുകളിൽ വെള്ളം എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കിണർ കുഴിക്കുകയും തുടർന്ന് പാറ കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കിണർ നിർമ്മിക്കാതെ ഇല്ലാത്ത കിണറിന് ആൾ മറ നിർമ്മിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി ചെയ്തത്. ഈ വകയിൽ പൂർത്തികരിച്ച പ്രവർത്തിയുടെ തുക എന്ന നിലയിൽ 1,40,627 രൂപ ഫണ്ടിൽ നിന്ന് ചെലവിനത്തിൽ കരാറുകാരന് നൽകുകയും ചെയ്തു. തുടർന്ന് ബാക്കി തുകയായ 6,59,373 രൂപ ബന്ധപ്പെട്ട വകുപ്പിലേക്ക് തിരിച്ചടക്കുകയോ മറ്റു പദ്ധതികൾ ആവിഷ്‌ക്കരിക്കാനോ തയ്യാറാകാതെ ഫണ്ട് തിരിമറി നടത്തിയതായി ഭരണസമിതിക്കെതിരെ ആരോപണം ഉയർന്നിരിന്നു. ഇത് സംബന്ധിച്ചു വിവരാവകാശ വഴി രേഖകൾ ആവശ്യപ്പെട്ടപ്പോൾ കിണർ നിർമ്മാണത്തിന് 1,40,627 രൂപ ചെലവായി എന്ന മറുപടിയാണ് ലഭിച്ചത്.
ബാക്കി തുകയെ കുറിച്ചുള്ള അന്വേഷണത്തിലും മറുപടി കിട്ടാതെ വന്നതോടെ പട്ടിക വർഗ്ഗ വകുപ്പ് അനുവദിച്ച ഫണ്ടിൽ ക്രമകേട് നടന്നതായി ആരോപിച്ച് 2021ൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം മുൻ ജില്ലാ പ്രസിഡന്റും പാളമല ആദിവാസി സംരക്ഷണ സമിതി സെക്രട്ടറിയുമായ കെ.വിശ്വനാഥൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുൻപാകെ പൊതു താല്പര്യ പരാതി സമർപ്പിച്ചു. തുടർന്ന് ആദിവാസികളുടെ ക്ഷേമത്തിനായി കുടിവെള്ള പദ്ധതിയുടെ പേരിൽ ലഭിച്ച ഫണ്ട് വെള്ളത്തിൽ മുക്കാൻ ശ്രമിച്ചെങ്കിലും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചെലവായ തുക കഴിച്ചുള്ള തുകയായ 6,59,373 രൂപ പലിശ സഹിതം 8, 08, 831 രൂപ തിരിച്ചടക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്ത് തുക ട്രഷറിയിൽ നിക്ഷേപിക്കുകയും ചെയ്തു. ഇത്തരത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിക്കുന്ന ഫണ്ടുകൾ ചെലവഴിക്കുകയോ പദ്ധതികൾ പൂർത്തിയാക്കുകയോ ചെയ്യാതെ തിരിമറി നടത്താൻ ശ്രമിച്ച കടമ്പഴിപ്പുറം പഞ്ചായത്ത് ഭരണസമിതിക്ക് പലിശ അടക്കം ഫണ്ട് തിരിച്ചടിക്കേണ്ടി വന്നത്. ഫണ്ട് ദുർവ്യയം നടത്തിയതായും ഭരണ സമിതിക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.