attappadi
കടുകുമണ്ണ ഊരിലെ സുമതിമുരുകനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നു

പാലക്കാട് / അഗളി:ആംബുലൻസിന് എത്താൻ പറ്റിയ റോഡ് ഇല്ലാത്തതിനാൽ അട്ടപ്പാടി കടുകമണ്ണ ആദിവാസി ഊരിലെ പൂർണഗർഭിണിയെ ബന്ധുക്കൾ തുണിമഞ്ചലിൽ ചുമന്നത് മൂന്നര കിലോമീറ്ററോളം. ശനിയാഴ്ച രാത്രി 12.30ഓടെ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകനെയാണ് ബന്ധുക്കൾ ചുമന്ന് മൂന്നര കിലോമീറ്റർ അകലെ കിടന്ന ആംബുലൻസിൽ എത്തിച്ചത്.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവത് ഏഴ്‌ മണിയോടെ ആൺകുഞ്ഞിനെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഇടപെടലാണ് യുവതിയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ചത്.

സുമതിക്ക് പ്രസവവേദന തുടങ്ങിയതോടെ ഊരുകാർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിച്ചു. ഇൻസ്‌പെക്ടർ ആംബുലൻസിനായി കോട്ടത്തറ ആശുപത്രിയിൽ വിളിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് ട്രൈബൽ വകുപ്പിന്റെ ഐ.ടി.ഡി.പിയിലേക്ക് വിളിച്ചു. അവിടെയും ആംബുലൻസ് ഇല്ലായിരുന്നു. പിന്നെ 108 ആംബുലൻസ് ലഭിച്ചെങ്കിലും കടുകമണ്ണ ഊര് വരെ എത്തില്ലായിരുന്നു. ആനവായ് ഊര് വരെയാണ് വണ്ടി എത്തുക. തുടർന്നാണ് കടുകമണ്ണ ഊരിൽ നിന്ന് അർദ്ധരാത്രി മുളയിൽ തുണി കെട്ടി സുമതിയെ ആംബുലൻസിൽ എത്തിച്ചത്.

അട്ടപ്പാടിയിലെ കുറുമ്പ മേഖലയിൽ റോഡുകൾ ശോചനീയാവസ്ഥയിലാണ്. മഴക്കാലത്ത് വണ്ടി എത്താവുന്ന റോഡ് സൗകര്യം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. മുമ്പ് വാഹനം കിട്ടാത്തതിനാൽ കുറുമ്പ വിഭാഗത്തിലെ കുഞ്ഞിന്റെ മൃതദേഹം പിതാവ് എടുത്തു നടന്നു പോകുന്ന ചിത്രം പുറത്തുവന്നിരുന്നു.

 പ്രദേശത്ത് മെച്ചപ്പെട്ട റോഡ് ഇല്ല, വനത്തിലായതിനാൽ റോഡ് നിർമ്മാണത്തിന് പരിമിതികളുണ്ട്. സാധ്യമായFടത്തെല്ലാം റോഡ് നിർമ്മിച്ചിട്ടുണ്ട്. വിദൂര ഊരിലെ യുവതികളെ പോലും ഗർഭകാലത്ത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എസ്.ടി.പ്രമോട്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണിത്.

- അഡ്വ. എൻ.ഷംസുദീൻ എം.എൽ.എ

ഊരിൽ വാഹനം എത്താത്തതിനാലാണ് ഭാര്യയെ തുണി മഞ്ചലിൽ കൊണ്ടു പോയത്. റോഡ് മോശമാണ്.

- മുരുകൻ

സുമതിയുടെ ഭർത്താവ്