
പാലക്കാട്: ജില്ലാ ക്ഷീര കർഷക സംഗമം കേരളശ്ശേരി ക്ഷീരസംഘം പരിസരത്ത് വച്ച് ക്ഷീര സംഗമ കമ്മിറ്റി ചെയർമാൻ ഇ.ഉണ്ണികൃഷ്ണൻ പതാക ഉയർത്തി തുടക്കം കുറിച്ചു. ക്ഷീര കർഷക സംഗമത്തിന്റെ ആദ്യ ദിവസമായ ഇന്നലെ കേരളശ്ശേരി എച്.എസ് സ്കൂളിൽ നടന്ന 'സർഗ ദീപ്തി കുട്ടികൾക്കുള്ള രചനാ മത്സര'ങ്ങളിൽ വിവിധ ബ്ലോക്കുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. രചനാ മത്സരങ്ങളുടെ ഉദ്ഘാടനം കേരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ നിർവഹിച്ചു. കേരളശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ക്ഷീര വികസന വകുപ്പ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്. ജയസുജീഷ് നിർവഹിച്ചു.
ഒ.വി.സ്വാമിനാഥൻ, ബി.നന്ദിനി, കെ.എ.ബാലസുബ്രഹ്മണ്യൻ, രാജഗോപാൽ, കെ.എം.പങ്ങുണ്ണി, പി.ബാലസുബ്രഹ്മണ്യൻ, അരവിന്ദാക്ഷൻഎന്നിവർ സംസാരിച്ചു. 'കളിയരങ്ങ്' കുട്ടികൾക്കായുള്ള കായിക വിനോദ മത്സരങ്ങളുടെ ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേർസൺ രമ മുരളി അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് 'ക്ഷീര പരിചയം – ഉപഭോക്താക്കൾ അറിയാൻ' എന്ന ബോധവത്കരണ പരിപാടിയിൽ സുരക്ഷിതമായ പാലിലൂടെ സുസ്ഥിരമായ ആരോഗ്യം എന്ന വിഷയത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർ വി.കെ.പ്രദീപ്കുമാർ വിഷയാവതരണം നടത്തും. ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിലെ ക്ഷീര വികസന ഓഫീസറായ രശ്മി.ജെ പാലുല്പന്ന നിർമ്മാണം – ലളിതം, ലാഭകരം, ആരോഗ്യദായകം എന്ന വിഷയത്തിൽ ക്ലാസെടുക്കും.