
ചിറ്റൂർ: നല്ലേപ്പിള്ളി മാട്ടുമന്തയ്ക്കു സമീപമുള്ള കനാൽ കവിഞ്ഞൊഴുകി തൊട്ടടുത്ത കടകളിലേക്കും വീട്ടുമുറ്റത്തും വെള്ളം കയറി. കനാലിൽ റോഡിനു കുറുകെയുളള ഭാഗത്ത് മാലിന്യങ്ങൾ വന്നടിഞ്ഞതിനെ തുടർന്നാണ് വെളളം കവിഞ്ഞൊഴുകിയത്. തൊട്ടടുത്തുള്ള പള്ളി കമ്മിറ്റിക്കാരും കടക്കാരും മണിക്കൂറുകളോളം ശ്രമിച്ചതിന് ശേഷമാണ് അടിഞ്ഞു കൂടിയ പായലുകളും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചത്. കനാലിൽ വെള്ളമില്ലാത്ത സമയം സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ കാരണം. കൃഷി ക്കുള്ള ജലസേചനത്തിന് വെളളം തുറന്നുവിടുമ്പോൾ കനാലിലെ മാലിന്യങ്ങൾ ഒഴുകിയെത്തി പല ഭാഗങ്ങളിലും അടിഞ്ഞുകൂടി ജലത്തിന്റെ ഒഴുക്ക് തടസപ്പെടുന്നത് പതിവാണ്.