valayar

പാലക്കാട്: വാളയാർ കേസിൽ അന്വേഷണം സുതാര്യമായിരിക്കണമെന്നാവശ്യപ്പെട്ട് നീതിസമര സമിതിയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ രക്ഷിതാക്കൾ നാളെ രാവിലെ കളക്ടറേറ്റിന് മുന്നിൽ ഏകദിന സത്യഗ്രഹം നടത്തും. സാംസ്‌കാരിക സ്ത്രീപക്ഷ പ്രവർത്തക ഡോ.പി.ഗീത ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്രൈംബ്രാഞ്ച്, സി.ബി.ഐയും കുട്ടികളുടെ മാതാപിതാക്കളും സമരസമിതിയും നൽകിയ തെളിവുകളും സൂചനകളും പരിഗണിക്കാതെ കേസ് അട്ടിമറിക്കുന്ന തരത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ശേഷം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഡിവൈ.എസ്.പി ഉമയുടെ നേതൃത്വത്തിൽ പുതിയ സംഘത്തെ സി.ബി.ഐ നിയോഗിച്ചിരിക്കുകയാണ്. ഈ സംഘത്തിന്റെ അന്വേഷണം സുതാര്യമായി നടത്താൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സി.ബി.ഐ പ്രോസിക്യുട്ടർ അഡ്വ.അനൂപ്.കെ ആന്റണിയെ സ്‌പെഷ്യൽ പ്രോസിക്യുട്ടറായി നിയമിക്കുക വഴി വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആദ്യസംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മേൽ നിരവധിതവണ കോടതി നടപടികളുണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യുട്ടർ കോടതി നിർബന്ധ പൂർവ്വം വിളിച്ച് വരുത്തിയാണ് ഹാജരാകാൻ തയ്യാറായത്. കുട്ടികളുടെ കുടുംബത്തിന് പറയാനുള്ളത് അന്വേഷിക്കാനോ കേൾക്കാനോ ഈ പ്രോസിക്യുട്ടർ തയ്യാറായിട്ടില്ല. ഇത്തരമൊരു സഹാചര്യത്തിൽ കുട്ടികളുടെ കുടുംബത്തിനുകൂടി സ്വീകാര്യനായ ഒരു പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ വിളയോടി വേണുഗോപാൽ, വി.എം.മാർസൻ, കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു.