
പാലക്കാട്: അട്ടപ്പാടിയിൽ പൂർണ ഗർഭിണിയായ സുമതിയെന്ന യുവതിയെ ആംബുലൻസിൽ കയറ്റാൻ മൂന്നര കിലോമീറ്ററോളം ദൂരം തുണിയിൽ കെട്ടി ചുമന്ന സംഭവത്തിലെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധം. മൂന്നര കിലോമീറ്ററെന്നത് ചില മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും, ആകെ 300 മീറ്റർ മാത്രമാണ് നടന്നതെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെ യുവതിയുടെ ഭർത്താവ് മുരുകനും വി.കെ.ശ്രീകണ്ഠൻ എം.പിയും രംഗത്തെത്തി.
മന്ത്രി കെ.രാധാകൃഷ്ണന്റെ വാദം തെറ്റാണെന്ന് സുമതിയുടെ ഭർത്താവ് മുരുകൻ പറഞ്ഞു. ആനവായ് ഫോറസ്റ്റ് ക്യാമ്പ് ഷെഡ് (ഔട്ട് പോസ്റ്റ് ) വരെ മാത്രമാണ് ആംബുലൻസ് വന്നത്. ട്രൈബൽ വകുപ്പിന്റെ വാഹനം വിളിച്ചിട്ട് കിട്ടിയില്ല. മഴയുണ്ടായിരുന്നതിനാൽ ഊരിന് താഴെയുള്ള പുഴ വരെ വണ്ടിക്ക് വരാൻ കഴിഞ്ഞില്ല. മൂന്നു കിലോമീറ്ററിലേറെ ദൂരമുണ്ട്.
300 മീറ്റർ മാത്രം നടന്നാൽ മതിയെങ്കിൽ സുമതിയെ തുണിയിൽ കെട്ടി ചുമക്കേണ്ട കാര്യമില്ലെന്നും മുരുകൻ പറഞ്ഞു.
ആനവായ് ഊരിൽ നിന്നും കടുകമണ്ണയിലേക്ക് മൂന്നര കിലോമീറ്ററിലേറെ ദൂരമുണ്ടെന്ന്
വി.കെ.ശ്രീകണ്ഠൻ എം.പിയും പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ദുരിതാവസ്ഥ പുറത്ത് കൊണ്ടുവന്നവരെ മന്ത്രി കളിയാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ഊരിലേക്ക് വന്ന് യാഥാർത്ഥ്യം നേരിട്ട് മനസിലാക്കണമെന്ന് പുതൂർ പഞ്ചായത്ത് വാർഡ് മെമ്പർ ശെന്തിൽ പറഞ്ഞു.
 ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കടുകമണ്ണ ഊരിൽ നിന്ന് ഗർഭിണിയെ പുതപ്പിൽ ചുമന്ന് കൊണ്ടുവന്ന സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയ കേസെടുത്തു. ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസയച്ചു. വിശദമായ അന്വേഷണത്തിനും നിർദ്ദേശം നൽകി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അടിസ്ഥാന ആവശ്യങ്ങൾ കണ്ടെത്തേണ്ടതും, സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതും സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് നോട്ടീസിൽ പറയുന്നു..