
ചെർപ്പുളശ്ശേരി: പാടശേഖരങ്ങളിൽ ജലദൗർലഭ്യം തുടരുന്നു. ചളവറ പഞ്ചായത്തിലെ 750 ഏക്കർ നെൽക്കൃഷി ഉണക്കുഭീഷണിയിൽ. കാഞ്ഞിരപ്പുഴ ഇടതുകര കനാൽ വഴി വെള്ളമെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒറ്റപ്പാലം താലൂക്കിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ചളവറയിലാണ്. രണ്ടാംവിള നെൽകൃഷിക്ക് ഈ മേഖലയിലെ കർഷകർരുടെ ഏകാശ്രയം കാഞ്ഞിരപ്പുഴ കനാൽ വഴി വരുന്ന വെള്ളമാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട മഴ ലഭിച്ചത് കർഷകർക്ക് തെല്ലൊരു ആശ്വാസം നൽകുന്നുണ്ടെങ്കിലും അടുത്തയാഴ്ചയോടെ കാഞ്ഞിരപ്പുഴ വെള്ളം എത്തിയില്ലെങ്കിൽ രണ്ടാംവിള മുഴുവൻ കരിഞ്ഞുണങ്ങുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.
കാഞ്ഞിരപ്പുഴ കനാൽ വഴി സാധാരണ നവംബറിൽ ചളവറയിലെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്താറുണ്ടായിരുന്നു. ഇത്തവണയും നവംബറിൽ കാഞ്ഞിരപ്പുഴ ഡാം തുറന്നെങ്കിലും ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി ഭാഗം വരെ മാത്രമേ വെള്ളമെത്തിയുള്ളൂ. മുറിയങ്കണ്ണി ഭാഗത്ത് കനാലിൽ മണ്ണടിഞ്ഞതാണ് തിരിച്ചടിയായത്. കാർഷിക കലണ്ടർ പ്രകാരം ഇന്ന് കാഞ്ഞിരപ്പുഴ കനാൽ വെള്ളം എത്തേണ്ടതാണ്. എന്നാൽ നിലവിലെ സാഹചര്യം കാരണം ഇതിനുള്ള സാദ്ധ്യതയില്ല.
ചളവറ പഞ്ചായത്തിലെ തൂമ്പായ, കയിലിയാട്, വേമ്പലത്തുപാടം, ചളവറ, പാലാട്ടുപടി, പുലിയാനംകുന്ന്, മുണ്ടക്കോട്ടുകുർശ്ശി, ഇട്ടേക്കോട് തുടങ്ങിയ പാടശേഖരങ്ങളിലെ പലയിടത്തും കൃഷി കരിഞ്ഞുണങ്ങാതിരിക്കാൻ പലരും കുളങ്ങളിൽ നിന്ന് മോട്ടർ ഉപയോഗിച്ചാണ് വെള്ളമെത്തിക്കുന്നത്. മിക്കയിടങ്ങളിലെയും കൃഷി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിളവെടുക്കാൻ പാകത്തിലുള്ളതാണ്.
ഉടൻ വെള്ളമെത്തിക്കാമെന്ന് അധികൃതർ
കാഞ്ഞിരപ്പുഴ ഇടതുകര കനാൽവഴി വെള്ളം തുറന്നുവിടുന്നതിന് പ്രതിസന്ധികൾ ഏറെയാണ്. റോഡ് പണിയുമായി ബന്ധപ്പെട്ട് കനാലിൽ വന്നടിഞ്ഞ മണ്ണ് നീക്കാത്തതിനാൽ വെള്ളം ഇവിടെയെത്തിയാൽ ഒഴുകുന്നില്ല. കനാലിലെ പാഴ്ചെടികൾ ഇതുവരെ വെട്ടിനീക്കിയിട്ടില്ല. മുമ്പ് തൊഴിലുറപ്പു പദ്ധതി പ്രകാരമാണ് കനാൽ വൃത്തിയാക്കിയിരുന്നത്. ഇത്തവണ അതും നടന്നില്ല.
ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് രണ്ടാഴ്ചക്കകം കനാൽ വഴി വെള്ളം തുറന്നു വിടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതി ഡിവിഷനൽ എക്സി.എൻജിനീയർ ലെവിൻസ് ബാബു കോട്ടൂർ അറിയിച്ചു.