പാലക്കാട്: ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ മുൻകൂർ അനുമതി ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ് എട്ടാണ്ടുകളായി നിർമ്മാണം മുടങ്ങിക്കിടക്കുന്ന ജില്ലാ ആസൂത്രണ സമിതി ഓഫീസിന് ഒടുവിൽ ശാപമോക്ഷം. നിലവിലുണ്ടായിരുന്ന നിർമ്മാണ വിലക്ക് ഒഴിവാക്കിയുള്ള ഉത്തരവ് ദേശീയ സ്മാരക അതോറിറ്റി മെമ്പർ സെക്രട്ടറി പുറത്തിറക്കി.
കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം എന്ന നിലയിലാണ് ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം ഓഫീസ് നിർമ്മിക്കാൻ തീരുമാനിച്ചത്. പദ്ധതിക്ക് 2010-ൽ ഭരണാനുമതിയും ലഭിച്ചു. ടിപ്പു സുൽത്താൻ കോട്ടയ്ക്ക് സമീപം നിർമ്മിച്ച നാലുനില കെട്ടിടം 2013ൽ പണി പൂർത്തിയാക്കിയിട്ടും എൻ.ഒ.സി ലഭിക്കാത്തതിനാൽ തുറന്നു പ്രവർത്തിക്കാനായിരുന്നില്ല. കോട്ടയുടെ 300 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആർക്കിയോളജിക്കൽ സർവേ വിഭാഗത്തിന്റെ മുൻകൂർ അനുമതി വേണം. മാത്രമല്ല കോട്ടയെക്കാൾ ഉയരത്തിൽ കെട്ടിടം നിർമ്മിച്ചതും തിരിച്ചടിയായിരുന്നു. കോട്ടയുടെ 200 മീറ്റർ പരിധിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
3.80 കോടി ചെലവിട്ട് 30 സെന്റ് സ്ഥലത്ത് 2010ലാണ് നിർമ്മാണം തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ചുമതല. പ്ലാനിംഗ് ഓഫീസ്, ടൗൺ പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം എന്നിവയ്ക്കുവേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. മുൻകൂർ അനുമതി ഇല്ലാത്തതിനാൽ 2013 ഡിസംബർ 12ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്റ്റോപ്പ് മെമ്മോ നൽകി. ലിഫ്റ്റ്, ഫർണിച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മാത്രമാണു പൂർത്തീകരിക്കാനുണ്ടായിരുന്നത്. ഇത്രയും തുക ചെലവാക്കി നിർമ്മിച്ച കെട്ടിടം പൊളിച്ചു കളയേണ്ടിവരമോ എന്ന് ആശങ്കയിലായിരുന്നു അധികൃതർ. തുടർന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ പിന്തുണയോടെ ജില്ലാ കളക്ടർ മൃൺമയി ജോഷി, പ്ലാനിംഗ് ഓഫിസർ ഏലിയാമ്മ നൈനാൻ എന്നിവർ നടത്തിയ ശ്രമമാണു ഇപ്പോൾ വിലക്ക് നീക്കാൻ കാരണമായത്.
തൊട്ടടുത്ത് ഇതേപ്രശ്നം നേരിട്ട പി.എസ്.സി ഓഫീസിനു നിർമ്മാണാനുമതി ലഭിച്ച കാര്യം ഉൾപ്പെടെ ജില്ലാ ഭരണകൂടം ചൂണ്ടിക്കാണിച്ചു. കെട്ടിടത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താൻ കഴിഞ്ഞത് സഹായകരമായി.
ഉടൻ നടപടി
നിലവിൽ കാടുമൂടിക്കിടക്കുന്ന കെട്ടിടത്തിന്റെ തുടർ നിർമ്മാണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്ലാനിംഗ് ഓഫീസ്, സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫീസ്, ടൗൺ പ്ലാനിംഗ് ഓഫീസ് ഉൾപ്പെടെയാണ് ഈ കെട്ടിടത്തിലേക്ക് മാറുക. ഇതോടെ നിലവിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ മറ്റ് ഓഫീസുകൾ അനുവദിക്കാനാകും.