milma

പാലക്കാട്: സംസ്ഥാനത്ത് മിൽമ പാൽ ലിറ്ററിന് ആറുരൂപ വർദ്ധിപ്പിച്ചിട്ട് ആഴ്ച രണ്ട് പിന്നിടുമ്പോൾ അധികൃതർ ഉറപ്പ് നൽകിയ സാമ്പത്തിക ഗുണം കർഷകർക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. വില വർദ്ധിപ്പിച്ചതിന്റെ ലാഭം മിൽമയുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

വർദ്ധിപ്പിച്ച തുകയിൽ 5.02 രൂപ കർഷകന് നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ​ വർദ്ധനവ് നടപ്പാക്കിയതോടെ ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നത് ശരാശരി നാലു രൂപ മാത്രമാണ്. വർദ്ധിപ്പിച്ച വില നേരിട്ട് നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടെങ്കിലും പാലിലെ കൊഴുപ്പും പോഷകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് വില നൽകുന്നത്.

പാൽ വില വർദ്ധിപ്പിച്ചതോടെ കാലിത്തീറ്റയിൽ ക്ഷീരകർഷകർക്ക് നൽകിയ സബ്സിഡി മിൽമ നിർത്തി. ഇതോടെ കാലിത്തീറ്റയുടെ വില കുത്തനെ കൂടിയതിനാൽ ഗുണം ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർക്ക് പരാതിയുണ്ട്.

150 മുതൽ 250 രൂപ വരെയാണ് 50 കിലോയുടെ ഓരോ ചാക്കിനും വിവിധ കമ്പനികൾ കൂട്ടിയത്. ഇതോടെ കിട്ടുന്ന അധിക പണം മൊത്തം കാലീത്തീറ്റക്കും അനുബന്ധ ഉൽപന്നങ്ങൾക്കും നൽകേണ്ട ഗതികേടിലാണ് കർഷകർ. ജില്ലയിൽ നെൽകൃഷി കഴിഞ്ഞാൽ ഏറ്റവും അധികം കർഷകർ ക്ഷീരമേഖലയിലാണ്. പാലക്കാട് ചിറ്റൂർ താലൂക്കിൽ ഉൾപ്പെടെ കാൽ ലക്ഷത്തിലധികം ആളുകളാണ് ഈ മേഖലയെ ജീവിതമാർഗമായി കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്നതും പാലക്കാട് ജില്ലയിലാണ്.

നിലവാരം അടിസ്ഥാനമാക്കി വില

പശുവിന്റെ ഇനം, കാലാവസ്ഥ, ആരോഗ്യം, പരിപാലനരീതി തുടങ്ങിയവ പാൽ നിലവാരത്തിന്റെ ഘടകങ്ങളാണ്. 9.7 കൊഴുപ്പും 10.4 എസ്.എൻ.എഫുമുള്ള പാലിന് മാത്രമാണ് ഉയർന്ന വിലയായ 58.60 രൂപ ലഭിക്കുന്നത്. 8.3 പോഷകങ്ങളുള്ള പാലിന് നാലുരൂപയാണ് അധികം ലഭിക്കുന്നത്. കറവ വറ്റാറായ പാലിന് അഞ്ചുരൂപയാണ് കൂടുതൽ ലഭിക്കുന്നത്. അതേസമയം വർദ്ധിപ്പിച്ച പാൽ വിലയിൽ ലിറ്ററിന് ഒന്നര രൂപയോളം മിൽമയ്ക്ക് ലഭിക്കുന്നുണ്ട്.