pink-eye

അലനല്ലൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചെങ്കണ്ണ് രോഗം പടരുന്നു. ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കുട്ടികളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കൊപ്പം സാംക്രമിക രോഗങ്ങൾ പടരുന്നത് ഏറെ ആശങ്കാജനകമാണ്. മുൻവർഷങ്ങളിൽ ഇതേസമയത്ത് പനിയും മറ്റുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്തവണ ചെങ്കണ്ണ് ബാധിതരുടെ എണ്ണവും കൂടുതലാണ്. താലൂക്ക് ആശുപത്രികൾ, സി.എച്ച്.സി, പി.എച്ച്.സി തുടങ്ങിയ സർക്കാർ ആശുപത്രികളിൽ നിലവിൽ ഇതിനാവശ്യമായ തുള്ളി മരുന്നുകൾ ലഭ്യമാണെന്ന് അധികൃതർ പറയുന്നു. കണ്ണിന്റെ നേത്രപടലത്തെ ബാധിക്കുന്ന ഈ രോഗം വൈറസ്, ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. കണ്ണ് ചുവക്കുന്നതാണ് പ്രധാന രോഗലക്ഷണം. വേഗത്തിൽ പടരുന്ന ഈ രോഗത്തെ വേണ്ടപോലെ ചികിത്സിക്കാതിരുന്നാൽ നേത്രപടല അന്ധതവരെ സംഭവിച്ചേക്കാം.

രോഗം പിടിപെടാതിരിക്കാൻ

രോഗമുള്ള ആളുകൾ ആൾക്കൂട്ടങ്ങളിൽ നിന്ന് സ്വയം മാറി നിൽക്കുക. രോഗമുള്ള വ്യക്തികൾ ഉപയോഗിക്കുന്ന തോർത്ത്, കിടക്ക, തലയണ, സോപ്പ്, ചീർപ്പ് മുതലായവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ഒഴിവാക്കുക.

രോഗലക്ഷണങ്ങൾ

കണ്ണിന് ചുവപ്പുനിറം, വേദന, ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വലിക്കുക, കൺപോളകൾ വീങ്ങി വീർക്കുക, രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുന്ന പ്പെട്ട അവസ്ഥ ഉണ്ടാകുക.

സ്വയം ചികിത്സ അരുത്

ചെങ്കണ്ണ് ബാധിച്ചാൽ മുലപ്പാൽ, ഇളനീർകുഴമ്പ് എന്നിവ കണ്ണിൽ ഒഴിച്ച് സ്വയംചികിത്സ നടത്താതിരിക്കുക. ഡോക്ടർ നിർദ്ദേശിക്കാത്ത മരുന്നുകളും മറ്റുള്ളവർക്ക് കുറിച്ച് നൽകിയ മരുന്നുകളും ഉപയോഗിക്കാതിരിക്കുക. പൂർണമായി ഭേദമാകാതെ കുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാതിരിക്കുക, രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക.

- ഹസീന. ഹെൽത്ത് ഇൻസ്‌പെക്ടർ, തച്ചനാട്ടുകര പി.എച്ച്.സി