
ശ്രീകൃഷ്ണപുരം: പഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'സ്ത്രീ സുരക്ഷ' വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, ശാരീരിക മാനസിക കരുത്ത് ആർജ്ജിക്കുന്നതിന് പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് കേരള പൊലീസ് സെൽഫ് ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പരിശീലനം വിലയിരുത്തി.
പാലക്കാട് സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രീത ജേക്കബ് ക്ലാസിന് നേതൃത്വം നൽകി. അങ്കൺവാടി, ആശാ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, മറ്റ് മേഖലയിലെ വനിതകൾ ഉൾപ്പെട്ട 100 പേർക്കാണ് പരിശീലനം നൽകിയത്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക അദ്ധ്യക്ഷയായി. എം.സുകുമാരൻ, ഹരിദാസൻ, ചിത്ര ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.