traffic

ഷൊർണൂർ: നഗരത്തിലെവിടെയും ആർക്കും എപ്പോൾ വേണമെങ്കിലും വാഹനം നിർത്തിപോകാം. നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ല. നഗരത്തിലെ പ്രധാന റോഡിന്റെ ഒരുവശത്ത് രാവിലെ അഞ്ച് മുതൽ തുടങ്ങും ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ്. രാവിലെ എട്ടാകുമ്പോഴേക്കും കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയാകും. റോഡിന്റെ മറുവശത്ത് രണ്ട് ഓട്ടോ സ്റ്റാൻഡുകളും ജീപ്പ് - ടാക്സി സ്റ്റാൻഡ്,​ ടിപ്പർ സ്റ്റാൻഡ്, ഗുഡ്സ് വണ്ടി സ്റ്റാൻഡ് എന്നിവയും കൂടെയാകുമ്പോൾ നിന്ന് തിരിയാൻ ഇടമുണ്ടാകില്ല. ഷൊർണൂരിൽ രാവിലെ തന്നെ ബ്ലോക്ക് തുടങ്ങും. വാഹന പാർക്കിംഗിന് ഒരു സൗകര്യമൊരുക്കാൻ നഗരസഭയ്ക്ക് താത്പര്യമില്ല. ബ്ലോക്ക് കാരണം കച്ചവടം കുറഞ്ഞെന്ന് വ്യാപാരികൾ അലമുറയിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മികച്ച നഗരാസൂത്രണം ഇല്ലാത്തതിന്റെ പ്രശ്നങ്ങളാണെന്ന് വിമർശിച്ചാലും അധികൃതർ കണ്ട ഭാവം നടിക്കില്ല.

മാളുകൾക്കും ഫ്ലാറ്റുകൾക്കും പാർക്കിംഗ് സൗകര്യമില്ലാതെയും പ്രധാന റോഡിൽ നിന്ന് അകലം പാലിക്കാതെയും കെട്ടിടം കെട്ടാൻ അനുമതി നൽകിയതാണ് ഇപ്പോൾ വിനയായത്. നഗരസഭയുടെ ഏഴ് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലേക്ക് പോകുന്ന പരുത്തിപ്ര റോഡിന്റെ പ്രവേശന കവാടത്തിന് മുന്നിൽ ബ്ലോക്ക് ഒഴിഞ്ഞു നേരമില്ല. ഒരു വാഹനം ടൗണിൽ നിന്ന് തിരിഞ്ഞ് ഇറങ്ങാനോ കയറി വരാനോ പാടുപെടണം. ഷൊർണൂർ ടൗണിൽ നിന്ന് കുളപ്പുള്ളി വഴിയല്ലാതെ പട്ടാമ്പി റോഡിലെത്താനുള്ള എളുപ്പവഴി കൂടിയാണ് പരുത്തിപ്ര റോഡ്. ടൗണിൽ നിന്ന് പോസ്റ്റ് ഓഫീസ് കടക്കുംവരെ റോഡ് വീതി കൂട്ടാൻ പറ്റാത്ത വിധം കെട്ടിടങ്ങളാണ്. നഗരസഭ ഭരണ സമിതി നഗരത്തിലെ ഗതാഗത പ്രശ്നത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

ആശുപത്രി റോഡിലും നിന്ന് തിരിയാൻ ഇടമില്ല
ഷൊർണൂർ ഗവ.ആശുപത്രി റോഡിൽ അത്യാഹിതത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് പോലും പോകാനാവാത്ത വിധം തടസങ്ങളാണ്. മെയിൻ റോഡിൽ നിന്ന് ആശുപത്രിയിലേക്ക് തിരിയും വഴി നിരവധി കെട്ടിടങ്ങളാണ്. ഇവിടെ വരുന്ന വാഹനങ്ങൾ നിറുത്തിയിടുന്നത്. ആശുപത്രി റോഡിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. ചിലപ്പോൾ ആംബുലൻസ്‌ പോലും വഴിതിരിഞ്ഞുപോകേണ്ട അവസ്ഥയുണ്ട്. കൈയേറ്റങ്ങളും മറ്റും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർ തന്നെയാണ് ഷൊർണൂരിന്റെ യാത്രാ ദുരിതത്തിന് കാരണമാകുന്നത്.