
കൊല്ലങ്കോട്: ഊട്ടറ ഗായാത്രി പുഴപ്പലത്തിന് കുറുകെയുള്ള കൊല്ലങ്കോട് പുതുനഗരം പ്രധാന പാതയിലെ ഊട്ടറഗായത്രി പുഴപ്പാലം അപകടാവസ്ഥയിൽ. 72 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകിയും കമ്പികൾ ദ്രവിച്ച സ്ഥിതിയിലുമാണ്.
പൊതുമാരാമത്ത് വകുപ്പ് സൂചന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചെങ്കിലും ഇതുവഴി അമിതഭാരം കയറ്റിയുള്ള ടോറസ് വാഹനങ്ങളുടെ ഓട്ടം പാലത്തിന്റെ അപകടാവസ്ഥയ്ക്ക് കാരണമാകുന്നു. പ്രളയം മൂലം മീങ്കര ചുള്ളിയാർ ഡാമുകൾ തുറന്നതും അമിത വെള്ളം ഗായത്രിപുഴയിലൂടെ കുത്തിയൊഴുകി വന്നതും ഊട്ടറപാലത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്. പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതു വരെ നിലവിലെ പാലം നിലനിൽക്കുമോ എന്ന ആശങ്കയിലാണ്. നിലവിൽ വിണ്ടുകീറി യ കുഴികൾ എത്രയും വേഗം ടാർ ചെയ്ത് അപകടമില്ലാത്ത രീതിയിൽ വാഹനം പാലത്തിലൂടെ കടന്നുപോകാനുള്ള സൗകര്യം പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നിർമ്മാണം അനിശ്ചിതത്വത്തിൽ
സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമ്മിക്കാൻ അനുമതിയായി സർവ്വേ നടപടികളും സ്ഥലമെടുപ്പ് നടപടിയും പുരോഗമിച്ചെങ്കിലും പാലം നിർമ്മാണം എപ്പോൾ തുടങ്ങുമെന്നത് നിശ്ചയമില്ല. ഗായത്രി പുഴപ്പാലത്തിനും റെയിൽവേ മേൽപ്പാലത്തിനുമായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നു. കെ.ബാബു എം.എൽ.എയുടെ നിരന്തര പരിശ്രമത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മാണം ഊരാളങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്ത് പണി പൂർത്തിയാകുമെന്നാണ് പറയുന്നതെങ്കിലും നടപടി ക്രമങ്ങൾ വൈകുകയാണ്.