
കൊല്ലങ്കോട്: ഗോവിന്ദാപുരം ആർ.ടി.ഒ ചെക്ക് പോസ്റ്റ് ജീവനക്കാരനിൽ നിന്ന് കണക്കിൽപ്പെടാത്ത 26,500 രൂപ മിന്നൽ പരിശോധനയിൽ വിജിലൻസ് പിടികൂടി. വേഷം മാറി വന്ന വിജിലൻസ് സംഘം ഇന്നലെ വെളുപ്പിന് മുതൽ ആർ.ടി.ഒ ചെക്ക് പോസ്റ്റ് നിരീക്ഷണത്തിലാക്കിയിരുന്നു. ഓഫീസ് അസിസ്റ്റന്റ് സന്തോഷ് കെ. ഡാനിയൽ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ കൈക്കൂലിപ്പണം ബാഗിലാക്കി ഡ്രൈവർ രാജനോടൊപ്പം കാറിൽ കയറി പോകുകയായിരുന്നു. കാർ പിന്തുടർന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടി. ഡിക്ലറേഷനിൽ 460 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ശബരിമല ഭക്തർ ഉൾപ്പെടെ സഞ്ചരിച്ച വാഹനങ്ങളിൽ നിന്ന് നിർബന്ധ പിരിവ് നടത്തിയ പണമാണ് കണ്ടെത്തിയത്. പിന്നീട് നടുപ്പുണി ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ എ.എം.വി ജെലിക്സിസിന്റെ കാഷ് കൗണ്ടറിൽ 3,600 രൂപയുടെ കുറവ് കണ്ടെത്തി.