
വടക്കഞ്ചേരി: മണ്ണുത്തി - വടഞ്ചേരി ആറുവരിപ്പാത നിർമ്മണത്തിന് എന്ന വ്യാജേന കുന്നിടിക്കലും മണ്ണു കടത്തലും വ്യാപകം. തേനിടുക്കിലും ശങ്കരംകണ്ണം തോട്ടിൽ നിന്നും ആറുവരിപ്പാതയുടെ ആവശ്യത്തിനെന്ന പേരിൽ കുന്നിടിച്ച് അയൽ ജില്ലകളിലേക്കു കടത്തുകയാണ്. വൻ പാറക്കൂട്ടം പൊട്ടിച്ചു കല്ലും കടത്തുന്നുണ്ട്. ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുന്നുകൾ ഇടിക്കുന്നതെന്ന് പ്രദേശവാസികൾ അരോപിക്കുന്നു. ദേശീയപാതയ്ക്കായി മണ്ണു കൊണ്ടുപോകുവാൻ എന്ന പേരിൽ പാസ് വാങ്ങി അതിന്റെ മറവിൽ സമയ പരിധി കഴിഞ്ഞിട്ടും മണ്ണു കടത്തുകയാണെന്നാണ് ആരോപണം. ദേശീയപാതയുടെ നിർമ്മാണ ആവശ്യത്തിന് ജില്ലാ ജിയോളജിക്കൽ വകുപ്പിന്റെ അനുമതിയോടെ തേനിടുക്കിൽ രണ്ടു കുന്നുകൾ ഇടിച്ചു മണ്ണെടുത്തിരുന്നു.
വടക്കഞ്ചേരി പഞ്ചായത്തിലെ പന്നിയങ്കര, ചുവട്ടുപാടം കിഴഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലകളിലും കുന്നിടിക്കൽ വ്യാപകമാണ്. ദേശീയപാത വഴിയും ഗ്രാമീണ റോഡുകളിലൂടെയുമാണ് മണ്ണുമായി ടിപ്പറുകൾ അയൽ ജില്ലകളിലേക്ക് കടക്കുന്നത്. ഇതു സംബന്ധിച്ച് വടക്കഞ്ചേരി പൊലീസിലും വില്ലേജ് അധികൃതർക്കും ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തേനിടുക്കിലും ശങ്കരംകണ്ണംതോട്ടിലും ഇടിച്ചിടിച്ചു കുന്നുതന്നെ ഇല്ലാതായി.
പാടം നികത്തലും വ്യാപകം
കുന്നിടിക്കലിനു പുറമെ വടക്കഞ്ചേരിയിൽ നെൽപാടം നികത്തലും വ്യാപകമാണ്. വെള്ളച്ചാലുകൾ വരെ അടച്ചാണ് പാടം നികത്തൽ. വില്ലേജ് അധികൃതരെത്തി സ്റ്റോപ്പ് മെമ്മോ കൊടുത്താലും ആഴ്ചകൾക്ക് ശേഷം സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലവും നികത്തുന്നു. വില്ലേജ് ഓഫിസിലും കൃഷിഭവനിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നികത്തുന്നവർക്ക് തുണയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം വടക്കഞ്ചേരിയിൽ 20 ഹെക്ടറോളം നെൽപാടം നികത്തിയെന്നാണ് കണക്ക്.