pallavur

കൊല്ലങ്കോട്: പല്ലശ്ശന - പല്ലാവൂർ - കുനിശ്ശേരി പാത നവീകരണം നാളെ നാളെ നീളെ നീളെ... ഈ പാതയിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പിടാനായി റോഡിന്റെ ഒരുവശം ചാലുകീറിയത് യഥാസമയം റീ ടാർ ചെയ്യാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കൊല്ലങ്കോട് മേഖലയിലെ ക്വാറികളിൽ നിന്ന് അമിതഭാരം കയറ്റിയുള്ള ലോറികളുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടവും വർദ്ധിച്ചതോടെ റോഡ് പൂർണമായും തകർന്നു തരിപ്പണമായ അവസ്ഥയിലാണ്. ഇതോടെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും ഓട്ടോയോ ടാക്സി വാഹനങ്ങളോ വിളിച്ചാൽ ഓട്ടം വരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

പല്ലാവൂർ മുതൽ കുനിശേരി ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്ററർ റോഡിന്റെ ഒരുവശം മുഴുവൻ ചാലുകീറിയ നിലയിലാണ്. ഇതേ തുടർന്നുള്ള മണ്ണ് ഒരുവശത്തുതന്നെ ഇട്ടിരിക്കുന്നതിനാൽ മഴപെയ്താൽ ഈ പാത ചെളികുളമാകും. കനത്ത വെയിലിൽ പൊടി ശല്യവും രൂക്ഷമാണ്. ഇതുവഴി കാൽനടയും ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വിവിധ സ്കൂളുകളുടെ ബസും ഓട്ടോയും മറ്റും നിത്യവും സർവീസ് നടത്തുന്ന പാത അടിയന്തരമായി നവീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

പാതയുടെ നിർമ്മാണത്തിന് നാലുകോടി രൂപ സർക്കാർ അനുവധിച്ചിട്ടുണ്ട്. പക്ഷേ പണികൾ എപ്പോൾ തുടങ്ങുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടെൻഡർ നടപടികൾ പോലും പൂർത്തിയാട്ടില്ല.

ഭാരവാഹനങ്ങൾ നിരോധിക്കണം

പാറപ്പൊടി ഇട്ട് താത്കാലികമായി ചെറിയ വാഹനം കടന്നുപോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ക്വാറികളിൽ നിന്നും കരിങ്കല്ല് കയറ്റിയ ടിപ്പറുകളും ടോറസ് വാഹനങ്ങളുടെ ഓട്ടവും പാതയുടെ നാശത്തിനെ കാരണമാകുന്നു. അമിതഭാരം കയറ്റിയ വാഹനം പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതു വരെ ഇതു വഴിയുള്ള സർവീസ് നിർത്തിവെയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.