youth-cong

അഗളി: സംഘപരിവാർ വർഗീയതയെ എതിർക്കാൻ കോൺഗ്രസിനേ കഴിയുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രമ്യ ഹരിദാസ് എം.പി പറഞ്ഞു. രണ്ടു ദിവസങ്ങളിലായി അട്ടപ്പാടി ക്യാമ്പ് സെന്ററിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ ക്യാമ്പ് യുവചിന്തൻ ശിവിറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസ്. മതേതര വോട്ടുകൾ ഭിന്നിപിക്കുന്ന ബി.ജെ.പിയുടെ ബി ടീമുകളായ എ.എ.പി ഉൾപ്പെടെയുള്ള പാർട്ടികളെ ജനങ്ങൾ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ്ബാബു അദ്ധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി, എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ്ലാൽ, ക്യാമ്പ് ഡയറക്ടർ പി.സി.ബേബി, ഒ.ഫാറൂഖ്, കെ.എം.ഫെബിൻ, ജസീർ മുണ്ടറോട്ട് തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ജ്യോതി രാധിക വിജയകുമാർ എന്നിവർ ക്ലാസുകൾ എടുത്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വിനോദ് ചെറാട് സംഘടന പ്രമേയവും അരുൺകുമാർ പാലകുറിശ്ശി രാഷ്ട്രീയ പ്രമേയവും പ്രദീപ്‌ നെന്മാറ പരിസ്ഥിതി പ്രമേയവും അവതരിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമാരെ ക്യാമ്പിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ്ബാബു പതാക താഴ്ത്തി ക്യാമ്പ് നടപടികൾ അവസാനിപ്പിച്ചു.