
പാലക്കാട്: ലഹരിക്കടത്തിന് തടയിടാൻ എക്‌സൈസ് സംഘം. കഴിഞ്ഞ രണ്ടര മാസത്തിനിടെ ജില്ലയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ആകെ പിടികൂടിയത് 77.49 കിലോ കഞ്ചാവ്. മാരക ലഹരി വസ്‌തുക്കളായ മെത്ത്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവ വേറെയും. ട്രെയിൻ വഴിയുള്ള ലഹരി കടത്തിന് നേരിയ കുറവ് വന്നപ്പോൾ റോഡ് മാർഗം കൊണ്ടുവരുന്നത് വർദ്ധിച്ചു. ലഹരി വസ്‌തുക്കളുമായി പിടിയിലാകുന്നവരിൽ ഏറെയും യുവാക്കളാണെന്നും അധികൃതർ പറയുന്നു.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 15വരെ 181.98 ഗ്രാം മെത്താഫിറ്റമിനും 259.20 ഗ്രാം എം.ഡി.എം.എയും 68.5 ഗ്രാം ഹാഷിഷ് ഓയിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. 1069 കഞ്ചാവ് ചെടികളും കണ്ടെത്തി നശിപ്പിച്ചു. നവംബറിലാണ് കൂടുതൽ കഞ്ചാവ് ചെടി കണ്ടെത്തിയത്, 819 എണ്ണം. അട്ടപ്പാടി മേഖലയിലാണ് കഞ്ചാവ് വളർത്തൽ വ്യാപകമെന്നും അധികൃതർ പറയുന്നു. പുതുശേരി സ്വദേശിയായ യുവാവ് വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി ദിവസങ്ങൾക്ക് മുമ്പ് എക്‌സൈസ് പിടികൂടിയിരുന്നു.
രണ്ടര മാസത്തിനിടെ ആകെ 334 അബ്‌കാരി കേസും 94 എൻ.ഡി.പി.എസ് കേസും രജിസ്‌റ്റർ ചെയ്‌തു. 159.2 ലിറ്റർ ചാരായവും 1096 ലിറ്റർ വ്യാജക്കള്ളും കണ്ടെത്തി. ഒപ്പം 8921 ലിറ്റർ വാഷ്, 1195.59 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 105 ലിറ്റർ മദ്യ, 6.5 ലിറ്റർ ബിയർ, 3,544 ലിറ്റർ സ്‌പിരിറ്റ് എന്നിവയും പിടികൂടി.
സ്പെഷ്യൽ ഡ്രൈവ്
ക്രിസ്‌മസ് - പുതുവത്സര ആഘോഷ സമയത്ത് മദ്യ, മയക്കുമരുന്ന് വ്യാപനവും വിപണനവും തടയാൻ ലക്ഷ്യമിട്ട് എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് പുരോഗമിക്കുന്നു. ജനുവരി മൂന്നുവരെയാണ് പരിശോധന. വ്യാജവാറ്റ്, വ്യാജമദ്യം, സ്‌പിരിറ്റ് കടത്ത്, വ്യാജമദ്യ നിർമാണം, കള്ളിൽ മായം ചേർക്കൽ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി എത്തിക്കൽ തുടങ്ങിയവയ്‌ക്കുള്ള സാധ്യതകൾ തടുക്കുകയാണ് ലക്ഷ്യം.