solar-plant

പാലക്കാട്‌: കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാർ പദ്ധതിയിൽ പാലക്കാടിന് വൻ മുന്നേറ്റം. ജില്ലയിലെ വിവിധ വീടുകളിൽ സ്ഥാപിച്ച 1,561 സൗരോർജ നിലയങ്ങളിലൂടെ ആകെ ഉത്പാദിപ്പിക്കുന്നത് 5.31 മെഗാവാട്ട് വൈദ്യുതിയാണ്. സൗര പദ്ധതിയിൽ അല്ലാതെ കെ.എസ്‌.ഇ.ബി സ്ഥാപിച്ച വിവിധ സൗരോർജ നിലയങ്ങളിലൂടെ 3.32 മെഗാവാട്ട്‌ വൈദ്യുതിയും ഉദ്പാദിപ്പിക്കുന്നുണ്ട്. കെ.എസ്‌.ഇ.ബി ഷൊർണൂർ സർക്കിളിൽ സൗര സബ്‌സിഡി പദ്ധതിയിലൂടെ വീടുകളിൽ സ്ഥാപിച്ച 528 പ്ലാന്റുകൾ ഇതുവരെ കമ്മിഷൻ ചെയ്‌തു. ഇതിലൂടെ 1.81 മെഗാവാട്ട്‌ വൈദ്യുതിയും ഉദ്പ്പാദിപ്പിക്കുന്നുണ്ട്.

ഇതുകൂടാതെ കെ.എസ്‌.ഇ.ബി നേരിട്ട്‌ 56 പ്ലാന്റുകൾ വിവിധ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്‌. 772 കിലോവാട്ടാണ്‌ ഇതുവഴിയുള്ള ഉത്പാദനം. ആറ്‌ പ്ലാന്റുകൾ ഈ മാസം കമ്മിഷൻ ചെയ്യും. ഇതിൽ മിക്കവയും സ്‌കൂളുകളിലാണ്‌. ഇതിന്‌ പുറമെ കെ.എസ്‌.ഇ.ബിയുടെ 97 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂന്ന്‌ പ്ലാന്റ്‌ അഗളി ചാളയൂരിൽ പ്രവർത്തിക്കുന്നുണ്ട്.

ഇതിൽ നിന്ന്‌ ഗുണഭോക്താക്കൾക്ക്‌ ലാഭവിഹിതവും കൊടുത്ത്‌ തുടങ്ങി. രണ്ടുമാസം മുമ്പ്‌ ഊരു സമിതിക്ക്‌ ആറ്‌ ലക്ഷം രൂപയാണ്‌ ഒരു ഗഢു കൈമാറിയത്‌. യൂണിറ്റിന്‌ അഞ്ചു രൂപ വീതമാണ്‌ ലാഭവിഹിതം. ഒരു മെഗാവാട്ടിന്റെ പ്ലാന്റ്‌ അഗളി സബ്‌സ്‌റ്റേഷനിലും കോട്ടത്തറ ഗോട്ട്‌ ഫാമിൽ ജില്ലാ പഞ്ചായത്തിന്റെ 500 കിലോവാട്ട്‌ പ്ലാന്റും പ്രവർത്തിക്കുന്നു.

സബ്‌സിഡിയോടെ പുരപ്പുറ സൗരോർജ പ്ലാന്റ്‌ സ്ഥാപിക്കാം

കെ.എസ്‌.ഇ.ബി പാലക്കാട്‌ സർക്കിൾ പരിധിയിൽ 1,033 സൗരോർജ പ്ലാന്റിലൂടെ 3.5 മെഗാവാട്ടാണ്‌ ഉത്പ്പാദനം. കെ.എസ്‌.ഇ.ബി സൗര പദ്ധതി വഴി 103 പ്ലാന്റ്‌ സ്ഥാപിച്ചു. 957 കിലോവാട്ട്‌ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നു. കെ.എസ്‌.ഇ.ബി കൂടാതെ അനേർട്ടും സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്‌. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ സഹായവും സൗര പദ്ധതിക്കുണ്ട്‌. സബ്‌സിഡിയോടെ പുരപ്പുറ സൗരോർജ പ്ലാന്റ്‌ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയുടെ ഇ- കിരൺ പോർട്ടലിൽ (ekiran.kseb.in) രജിസ്‌റ്റർ ചെയ്യാം. ചെലവിന്റെ 40 ശതമാനംവരെ സബ്സിഡി ലഭിക്കും. ഡിസംബർ 31ന്‌ മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യവുമുണ്ട്‌.