
വടക്കഞ്ചേരി: ആറുവരി ദേശീയപാത വാണിയമ്പാറ മേലേചുങ്കം ജംഗ്ഷനിൽ വീണ്ടും അപകടങ്ങൾ കൂടുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ വാണിയമ്പാറ മേലേചുങ്കം ജംഗ്ഷനിൽ 14 അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ ദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ കഞ്ചിക്കോട് കൊച്ചുപറമ്പിൽ സ്വദേശികളായ അലൻ (20), അലീന (19) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനവും പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്നു. മുന്നിൽ പോകുന്ന കാർ വാണിയമ്പാറയിലെ യുടേണിലേക്ക് തിരിയുന്നതിനിടെ പിന്നിൽവന്ന ബൈക്ക് ഇടിക്കയായിരുന്നു. വാണിയമ്പാറയിൽ അപകടങ്ങൾ തുടർക്കഥയായതോടെ ജംഗ്ഷനിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. സ്ഥലത്തെത്തിയ ആറുവരിപ്പാതാ കരാർകമ്പനി അധികൃതരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി.
വാണിയമ്പാറയിലെ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി മേൽപ്പാത നിർമ്മിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല. തുടർച്ചയായ അപകടങ്ങളെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് റോഡിൽ പരിശോധന നടത്തിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നടപടിയായിട്ടില്ല. മേൽപ്പാത നിർമ്മിക്കുകയാണ് ശാശ്വത പരിഹാരമെങ്കിലും നിർമ്മാണം പൂർത്തിയാകുംവരെ താത്കാലിക സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർചേർന്ന് രൂപവത്കരിച്ച വാണിയമ്പാറ ജനകീയസമിതി പ്രതിനിധികൾ പറഞ്ഞു.
വേണം മുന്നറിയിപ്പ് റോഡ്
വാഹനത്തിരക്കുള്ള ഇരട്ടക്കുളം - വാണിയമ്പാറ റോഡ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് മേലേചുങ്കത്താണ്. ഇവിടെ സർവീസ് റോഡില്ലാത്തതിനാൽ നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കണം. ഇത്തരത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് ദേശീയപാതയിലൂടെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയില്ല. ജംഗ്ഷനിൽ യുടേൺ ഉണ്ടെന്നും പെട്ടെന്ന് മനസിലാവുകയില്ല. റോഡിൽ മുന്നറിയിപ്പ് ബോർഡുകളോ ലൈറ്റുകളോ സ്ഥാപിക്കാത്തത് രാത്രിയിൽ അപകടസാധ്യത ഇരട്ടിയാക്കുന്നു.