sndp

വടക്കഞ്ചേരി: എസ്.എൻ.ഡി.പി യോഗം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഗുരുദേവ മാട്രിമോണിയൽസിന്റെ 70-ാമത് കേന്ദ്രം വടക്കഞ്ചേരി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

ഇതോടനുബന്ധിച്ച് വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് യൂണിയൻ കേന്ദ്രീകരിച്ച് ആരംഭിക്കുമെന്നും തികച്ചും സേവനമനോഭാവത്തോടുകൂടിയും സുതാര്യമായുമുള്ള പ്രവത്തനമാണ് യൂണിയൻ നടപ്പിലാക്കുവാൻ പോകുന്നതെന്നും യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് പറഞ്ഞു. അതുകൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബി.പി.എൽ കാർഡ് ഉടമകളായ യുവതികൾക്ക് രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഈ സേവനകേന്ദ്രത്തിന്റെഭാഗമായി വരും നാളുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യൂണിയൻ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗുരുദേവ മാട്രിമോണിയൽസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ വൈസ് പ്രസിഡന്റ് എം.ആർ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ ആർ. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഗുരുദേവ മാട്രിമോണിയൽസ് ചീഫ് കോർഡിനേറ്റർ ആർ.രാജേഷ് പത്തനാപുരം വിഷയാവതരണം നടത്തി. യൂണിയൻ കൗൺസിലർമാരായ വി.വി.മുരുകൻകുട്ടി, പി.എം. ഭുവനദാസ്, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പി.എസ്.സുമിത് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സ്മിത മോഹനൻ നന്ദി പറഞ്ഞു.