
ഒറ്റപ്പാലം: മലബാറിലെ റെയിൽവേ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് ഷൊർണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ. നിലവിൽ ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്നാൽ തെക്ക് - കിഴക്ക് ഭാഗത്ത് കൂടി പാലക്കാട് - തൃശൂർ -എറണാംകുളം റൂട്ടിൽ നൂറോളം ട്രെയിനുകൾ ഇരുവശത്തേയ്ക്കും പോകുന്നത് യാത്രക്കാർക്ക് കാണാൻ പറ്റും. പക്ഷേ മലബാർ ഭാഗത്ത് നിന്നുള്ളവർക്ക് അവയിൽ കയറണമെങ്കിൽ ഒറ്റപ്പാലം, പാലക്കാട്, വടക്കാഞ്ചേരി, തൃശൂർ സ്റ്റേഷനുകളിലേക്ക് ബസിൽ പോകണം. സമയനഷ്ടം, സാമ്പത്തിക നഷ്ടം ഫലം. ഇതുപോലെ തിരിച്ച് തൃശൂർ, പാലക്കാട് ഭാഗത്ത് നിന്ന് മലബാർ ഭാഗത്തേയ്ക്ക് പോകണമെങ്കിലും ഇത് തന്നെ അവസ്ഥ. ഇരുവശത്തേക്കും 50ഓളം ട്രെയിനുകൾ തൃശൂർ ഭാഗത്ത് നിന്നുള്ളവർക്ക് കണക്ഷൻ ഇല്ലാതെ പോവുന്നു. രണ്ട് വശങ്ങളിലേയ്ക്കും നേരിട്ടുള്ള ട്രെയിനുകളും കണക്ഷൻ ട്രെയിനുകളും എണ്ണത്തിൽ കുറവുമാണ്.ഇതിനെല്ലാം പരിഹാരമാണ് ഷൊർണൂർ സൗത്ത് റെയിൽവേസ്റ്റേഷൻ.
ട്രയാംഗിൾ സ്റ്റേഷൻ പദ്ധതി പതിറ്റാണ്ടുകളായി ശ്രമിച്ചിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് റെയിൽവേ തള്ളുകയായിരുന്നു. പകരം ഷൊർണൂരിൽ എ ക്യാബിനും ബി ക്യാബിനും ഇടയിലുള്ള ഒരു കിലോമീറ്റർ സ്ഥലത്ത് രണ്ട് പ്ലാറ്റ് ഫോമുകളുമായി ചെറിയ സ്റ്റേഷൻ പണിയാൻ സാധിക്കും.
ഷൊർണൂർ ജംഗ്ഷനിൽ നിന്നും 600 - 800 മീറ്റർ ദൂരം മാത്രമായതിനാൽ ഫുട്പാത്ത്, അടിപാത അല്ലെങ്കിൽ മേൽപാത തുടങ്ങിയവലൂടെ നടന്നും ബഗ്ഗി കാറുകളിലും പുതിയ സ്റ്റേഷനിലെത്താൻ സൗകര്യമൊരുക്കാം. നിലവിള്ള റെയിൽവേ റോഡിൽ നിന്നും അടിപാതയിലൂടെ വാഹനങ്ങൾക്കും പുതിയ സ്റ്റേഷനിലെത്താം. റെയിൽവേയുടെ സ്ഥലമായതിനാൽ പദ്ധതി സമർപ്പിച്ച് അനുമതി കിട്ടിയാൽ 12 - 18 മാസങ്ങൾകൊണ്ട് പൂർത്തിയാക്കാൻ പറ്റുന്ന പദ്ധതിയാണിത്.
യാത്ര സുഖമമാകും
ആയിരകണക്കിന് യാത്രകാർക്ക് ഉപകാരപ്പെടുന്ന പ്രൊജക്ടാണിത്. ഇപ്പോൾ എ ക്യാബിനിലും ബി ക്യാബിനിലും ട്രെയിൻ പിടിച്ചിടുന്നത് ഒഴിവാക്കി പകരം പുതിയ സ്റ്റേഷനിൽ 2 മിനിറ്റ് സ്റ്റോപ്പ് നൽകിയാൽ നിലവിൽ ഉള്ളതിൽ നിന്നും യാതൊരു സമയവ്യത്യാസവും ഉണ്ടാവുകയുമില്ല.
പദ്ധതി സാധ്യമായാൽ മലബാർ ഭാഗത്ത് നിന്നുള്ളവർക്ക് എറണാകുളം ,കോട്ടയം, കൊല്ലം,ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേയ്ക്കും, തിരിച്ചുമുള്ള യാത്രക്കാർക്കും ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടി ട്രെയിനുകൾ കണക്ഷനായി ലഭിക്കും. ഒറ്റ ടിക്കറ്റിൽ യാത്ര സാധ്യമാവുമ്പോൾ സാമ്പത്തികലാഭം മാത്രമല്ല സമയലാഭവും ലഭിക്കും. തീവണ്ടിയാത്രക്കാർ തന്നെ റെയിൽവേയ്ക്ക് മുന്നിൽ ഇത്തരമൊരു പദ്ധതി ആവശ്യപ്പെട്ട് രംഗത്തിറങ്ങി കഴിഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമ്മർദ്ദം ചെലുത്തിയാൽ മലബാറിന്റെ റെയിൽവേ കവാടമായ ഷൊർണൂരിന്റെ മുഖം മാറും.