
സംസ്ഥാനത്ത് പരിസ്ഥിതിലോല മേഖല നിശ്ചയിക്കാൻ നേരിട്ടുള്ള ഫീൽഡ് സർവേ പൂർത്തിയാക്കി ജനുവരി 11നു മുമ്പ് സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുമ്പോഴും ജനങ്ങളുടെ പ്രത്യേകിച്ച് മലയോര കർഷകരുടെ ആശങ്കകൾ തീരുന്നില്ല.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല നിർണയിച്ചുള്ള ഉപഗ്രഹസർവേ പ്രാഥമിക റിപ്പോർട്ടിൽ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുണ് ജില്ലയിലെ ആയിരക്കണക്കിന് കർഷകർ. ഇതുവരെ പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽപ്പെടാതിരുന്ന ചില വില്ലേജുകൾ കൂടി ഉപഗ്രഹ സർവേയിൽ പെട്ടതാണ് ആശങ്കകൾക്ക് കാരണം. പാലക്കാട് ജില്ലയിലെ സൈലന്റ്‌വാലി, ചൂലന്നൂർ മയിൽ സങ്കേതം, പറമ്പിക്കുളം, പീച്ചി വാഴാനിയിലും നേരത്തെ നിശ്ചയിച്ചതിലും അധികം ഭൂമി ഇതിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണ് ആക്ഷേപം.
പരക്കം പാഞ്ഞ്
കർഷകർ
ജനങ്ങളുടെ പരിശോധനയ്ക്കും നിർദ്ദേശങ്ങൾക്കുമായി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത സർവേ സ്‌കെച്ചുകളിൽ നിന്ന്, തങ്ങളുടെ വീടും കൃഷിസ്ഥലങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ടോ? ഒഴിവായിട്ടുണ്ടോ? എന്നറിയാൻ നെട്ടോട്ടമോടുകയാണ് ഓരോ കർഷകനും. വില്ലേജ് അടിസ്ഥാനത്തിൽ സർവേ നമ്പറും സബ് ഡിവിഷനും സ്‌കെച്ചിൽ ചേർത്തിട്ടില്ല. ജിയോ കോഡിനേറ്റുകൾ നൽകാത്തതിനാൽ തങ്ങളുടെ പ്രദേശങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല.
സംരക്ഷിതമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല എന്നാണ് പറയുന്നതെങ്കിലും ഇപ്പോൾ കണക്കാക്കിയത് റവന്യു ഭൂമിയിൽ ഒരു കിലോമീറ്ററാണ്. പഞ്ചായത്ത് തിരിച്ച്, വില്ലേജ് അടിസ്ഥാനത്തിൽ ഫിസിക്കൽ പരിശോധന നടത്താതെ തയാറാക്കുന്ന റിപ്പോർട്ടുകൾ പൂർണവും വസ്തുതാപരവുമാകില്ലെന്നും കർഷകർ പറയുന്നു. ജില്ലയിൽ വ്യാപകമായി കൃഷിഭൂമി ബഫർ സോണിന്റെ ഭാഗമാക്കിയാണ് പ്രാഥമിക സർവേ റിപ്പോർട്ടിൽ കാണിക്കുന്നതെന്ന് പാലക്കാട് കർഷക സംരക്ഷണ സമിതി ആരോപിക്കുന്നു. വിഷയത്തിൽ രാഷ്ട്രീയകക്ഷികൾ മൗനം വെടിയണമെന്നും നേരിട്ടുള്ള വിവരശേഖരണത്തിന് ജനപ്രതിനിധികൾ അവസരമൊരുക്കണമെന്നുമാണ് സമിതി ആവശ്യപ്പെടുന്നത്.
പ്രതിസന്ധിയിൽ ചൂലന്നൂർ
വന്യമൃഗ സംരക്ഷണ മേഖലയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ചൂലന്നൂർ മയിൽ സങ്കേതം. പഞ്ചായത്തിലെ 13, 14 വാർഡുകൾ ഉൾപ്പെടുന്ന മേഖലയിലെ മുഴുവൻ ജനങ്ങളും ഒരു കിലോമീറ്റർ ചുറ്റളവിലാണു താമസം. മയിൽ സങ്കേതത്തോടു വളരെ അടുത്താണ് 85 ശതമാനം ജനങ്ങളും താമസിക്കുന്നത്. മയിൽ ആളുകളെ ഉപദ്രവിക്കുന്ന ജീവി അല്ലാത്തതിനാൽ സങ്കേതവുമായി അടുത്തു പെരുമാറുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. സങ്കേതത്തിനകത്തു കോളനികളുണ്ട്. വിവിധ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ കടന്നുപോകുന്നതും മയിൽ സങ്കേതത്തിനകത്തു കൂടിയാണ്.
ഉപഗ്രഹ സർവേയിൽ
വ്യക്തത വേണം
പരിസ്ഥിതിലോല മേഖലകൾ തിരിച്ചുകൊണ്ട് സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്റർ തയാറാക്കിയ ഉപഗ്രഹ സർവേയിൽ വ്യക്തത തേടി കർഷകർ. ജില്ലയിലെ റവന്യു, വനം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ലെന്നാണു കർഷകരുടെ പരാതി. ഉപഗ്രഹ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നു കണ്ടെത്താൻ പലർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പരിസ്ഥിതി ലോല മേഖലയുടെ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടാതെപോയ വിവരങ്ങളുണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കണമെന്നാണു നിർദേശം. ഉപഗ്രഹ സർവേ സ്‌കെച്ചിന്റെ പരിധിയിൽ ഉൾപ്പെട്ടവരെല്ലാം വിവരം നൽകണോ എന്ന ആശങ്കയിലാണ് കർഷകർ.
വിവരം നൽകിയാൽ
പുലിവാലു പിടിക്കുമോ
പ്രാഥമിക സർവേയിൽ ഉൾപ്പെട്ടിട്ടില്ലാത്ത കർഷകർ വിവരം നൽകി 'പുലിവാലു' പിടിക്കേണ്ട ആവശ്യമുണ്ടോ? എന്ന സംശയത്തിലാണ്. ഇപ്പോൾ സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത് ബഫർ സോണിന്റെ അന്തിമ വിജ്ഞാപനം അല്ല. ഫിസിക്കൽ വേരിഫിക്കേഷൻ നടത്താതെ തയാറാക്കിയ സ്‌കെച്ചിൽ വിട്ടുപോയ വീട്ടുടമകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തൽ മാത്രമാണ് നടക്കുന്നത്. ഇത്തരത്തിൽ തയാറാക്കപ്പെടുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ബഫർ സോണിനു ഇളവ് അനുവദിക്കപ്പെടുക.
അതിനാൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന സർവേ സ്‌കെച്ചിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും കൃത്യമായ വിവരം നൽകണമെന്നാണു വിദഗ്ധരുടെ നിർദേശം. ഇപ്പോൾ മാപ്പിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാരണത്താൽ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടാതിരിക്കണമെന്നില്ല. കൃത്യമായ വിവരങ്ങൾ എല്ലാവരും നൽകിയാൽ ഇളവുകൾ കിട്ടുന്നതിന് അത് സഹായകമാകും. ബഫർസോൺ പ്രദേശത്തെ ജനസാന്ദ്രതയുടേയും സ്ഥാപനങ്ങളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകൾ ലഭിക്കുകയെന്ന് വിദഗ്ധർ പറയുന്നു.
സ്‌കെച്ചുകളിൽ
അതിരുകൾ കൃത്യമല്ല
വിവിധ കർഷക സംഘടനാ പ്രവർത്തകരെയും കൃഷി വകുപ്പിനെയും പഞ്ചായത്ത് പ്രതിനിധികളെയും വില്ലേജ് ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടും സാധാരണക്കാരുടെ ആശങ്കകൾ അവസാനിക്കുന്നില്ല. ബഫർ സോണിന്റെ പ്രദേശം പിങ്ക് നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന സ്‌കെച്ചുകളിൽ സോണിന്റെ അതിരുകൾ കൃത്യമാക്കിയിട്ടില്ല എന്നതാണ് പ്രശ്നം. റോഡുകൾ, തോടുകൾ, പാലങ്ങൾ പോലുള്ള സ്ഥായിയായ അതിരടയാളങ്ങളോ ജിയോകോഡിനേറ്റുകളോ നൽകിയിരുന്നെങ്കിൽ ഈ പ്രശ്നം പരിഹരിക്കാമായിരുന്നെന്നു കർഷക സംഘടനകൾ പറയുന്നു.
ഒരു വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫർ സോൺ മനസിലാക്കാൻ ഏറ്റവും കുറഞ്ഞത് പത്ത് ജിയോകോഡിനേറ്റുകൾ നൽകിയാൽ മതിയായിരുന്നെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. ഇത്തരം അതിർത്തികളുടെ കുറവ് റീസർവേ കഴിയാത്ത പ്രദേശങ്ങളിലെ വിവരശേഖരണത്തിൽ ദോഷമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഡിവിഷനും സബ് ഡിവിഷനും സർവേ നമ്പറുകൾ നൽകാത്തതും വലിയ പ്രദേശത്തിന് ഒറ്റ സർവേ നമ്പറുകൾ നൽകിയതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
അൺസർവേ ലാന്റ് എന്ന് ഫീൽഡ് മെഷർമെന്റ് ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളും വിവര ശേഖരണത്തിന് വെല്ലുവിളിയാകുമെന്നു കർഷക സംഘടനകൾ പറയുന്നു.
തുടങ്ങും
ഗ്രാമീണ വേദികൾ
ബഫർ സോണിലെ വിവരങ്ങൾ ചേർക്കാനുള്ള ദിവസങ്ങൾ പരിമിതമായതിനാൽ വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ ഉടനീളം വരുംദിവസങ്ങളിൽ ഗ്രാമീണ സമ്മേളനങ്ങൾ നടത്താനുള്ള നീക്കത്തിലാണ് വിവിധ കർഷക സംഘടനകൾ. ജില്ലാ കർഷക സംരക്ഷണ സമിതിയും കിഫയും ഭൂസംരക്ഷണ സമിതിയും ഇത്തരം കൂട്ടായ്മകൾക്ക് നേതൃത്വം നൽകും. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചുകൊണ്ട് ജില്ലയിലെ ബഫർ സോൺ പ്രദേശങ്ങളിലെ വിവരശേഖരണം നടത്താനാണ് സംഘടനകളുടെ തീരുമാനം.