waste

ഒറ്റപ്പാലം: നഗരത്തിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പാലോട് കോന്നാടൻ വീട്ടിൽ അലി അഷ്‌ക്കറിനെയാണ് (28) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം തള്ളാനുപയോഗിച്ച വാഹനവും പിടികൂടി. ഒറ്റപ്പാലം നഗരസഭ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.
ചെർപ്പുളശ്ശേരി നഗരത്തിൽ നിന്നാണ് മാലിന്യം ഒറ്റപ്പാലത്തെത്തിച്ച് സെൻഗുപ്ത റോഡിലെ അഴുക്കുചാലിൽ തള്ളിയത്. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇതിനായി 20 കാമറകളാണ് പൊലീസ് പരിശോധിച്ചത്.
മാലിന്യം തള്ളാനുപയോഗിച്ച വാഹനം തൂത ആലിപ്പറമ്പ് സ്വദേശിയുടേതാണ്. ഡിസംബർ 13ന് രാത്രി 11ന് മാലിന്യം തള്ളിയശേഷം വാഹനം മായന്നൂർ ഭാഗത്തേക്ക് പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം വന്ന വഴിയുള്ള നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനവും പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു.

അഴുക്കു ചാലിൽ തള്ളിയ മാലിന്യം നിറഞ്ഞ് റോഡിലൂടെ ഒഴുകി സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കാൽ നടയാത്രക്കാരെയും ദുരിതത്തിലാക്കിയിരുന്നു. സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതിയും നൽകിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടിയ ഒറ്റപ്പാലം പൊലീസിനെ നഗരസഭാ വൈസ് ചെയർമാനടക്കമുളളവർ സ്റ്റേഷനിലെത്തി അഭിനന്ദിച്ചു.