
വടക്കഞ്ചേരി: അനധികൃത പാർക്കിംഗ് വർദ്ധിച്ചതോടെ വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിൽ രാത്രിയാത്ര അപകട ഭീതിയിൽ. രാത്രിയാകുന്നതോടെ ടോൾ കേന്ദ്രത്തിന് സമീപം റോഡിൽ വാഹനങ്ങൾ നിറുത്തന്നതാണ് ഇതിന് കാരണം. ഇതോടെ ആറുവരിപ്പാതയിൽ ഗതാഗത തടസങ്ങളും അപകടങ്ങളും പതിവായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ മറ്റു വാഹനങ്ങളിടിച്ച് നാല് അപകടങ്ങൾ നടന്നു. രണ്ടുപേർ മരിച്ചു.
ആറുവരിപ്പാത നിർമ്മാണക്കരാർ പ്രകാരം വടക്കഞ്ചേരിക്കും മണ്ണുത്തിക്കുമിടയിൽ ലോറികൾക്കും ട്രക്കുകൾക്കുമായി മൂന്ന് പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഒന്നുപോലും നിർമ്മിച്ചിട്ടില്ല. സ്ഥലമില്ലാത്തതിനെ തുടർന്നാണ് പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കാത്തതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
നിർദ്ദേശം മറികടന്ന്
രാത്രിയായാൽ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ നിന്ന് അര കിലോമീറ്ററോളം ദൂരത്തിൽ ഇടതു ട്രാക്കിൽ വരിവരിയായി വാഹനങ്ങൾ നിറുത്തിയിട്ടുണ്ടാകും. ചിലപ്പോൾ രണ്ടാമത്തെ ട്രാക്കിലും വാഹനങ്ങൾ നിറുത്തിയിടും. രണ്ട് ട്രാക്കുകൾ പാർക്കിംഗ് കേന്ദ്രങ്ങളാകുന്നതോടെ ഗതാഗതം ഒരു വരിയിലേക്ക് ചുരുങ്ങും. ഹൈവേ പൊലീസും ദേശീയപാത അതോറിറ്റി അധികൃതരും റോഡിൽ വാഹനങ്ങൾ നിറുത്തരുതെന്ന നിർദ്ദേശം നൽകാറുണ്ടെങ്കിലും ഇവർ പോയിക്കഴിയുമ്പോൾ വീണ്ടും വാഹനങ്ങൾ ഇവിടെ സ്ഥാനം പിടിക്കും.