
ചിറ്റൂർ: തമിഴ് നാട്ടിൽ ഇഷ്ടിക നിർമ്മാണം നിരോധിച്ചതോടെ കേരള അതിർത്തിയിലേക്ക് കൂട്ടത്തോടെയെത്തി വൻതോതിലുള്ള ഇഷ്ടിക നിർമ്മാണം തകൃതിയായി നടത്തുമ്പോൾ അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. വടകരപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലാണ് വൻകിട ഇഷ്ടിക മാഫിയകൾ തമ്പടിച്ചിട്ടുള്ളത്. കോടിക്കണക്കിനു രൂപ മുതൽ മുടക്കി ആധുനിക രീതിയിലുള്ള നിർമ്മാണമാണ് നടക്കുന്നത്. ഇതിന് ജിയോളജി വകുപ്പിന്റേയും പഞ്ചായത്ത് അധികൃതരുടേയും ഒത്താശ ഉണ്ടെന്ന ആരോപണവുമുണ്ട്. ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന തരത്തിൽ മണ്ണെടുപ്പും ജലചൂഷണവും നടത്തുന്നത്. ജിയോളജി വകുപ്പ് ഇഷ്ടിക നിർമ്മാണത്തിന് അനുമതി നൽകുന്നത് സ്ഥല പരിശോധനപോലും നടത്താതെയാണ്. തെക്കൻ ജില്ലകളിലെ വൻകിട ലോബികളാണ് ഇതിനായി രംഗത്തുവന്നിട്ടുള്ളത് എന്നതും ദുരൂഹമാണ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ കുള്ളരായൻ പാളയത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമി പാട്ടത്തിനെടുത്ത് രണ്ടു ഭാഗങ്ങളിലായി ഇഷ്ടിക നിർമ്മാണം തകൃതിയായി നടന്നുവരുന്നു. പുറംലോകം അറിയാത്ത പ്രദേശമാണിത്.
കോരയാർ പുഴയോടു ചേർന്നുള്ള സ്ഥലമാണ്. പുഴയിലെ തടയണയിൽ നിന്നുള്ള വെള്ളം ആഴ കിണറ്റലേക്കെത്തിച്ച് ഇതിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് ഇഷ്ടികളത്തിൽ എത്തിക്കുന്നു. മണ്ണെടുക്കുന്നത് പുഴയോര പുറമ്പോക്ക് ഭൂമിയിൽ നിന്ന് ഹിറ്റാച്ചിയും ജെ.സി.ബിയും ഉപയോഗിച്ച് കുഴിച്ചെടുക്കുന്നു. ഓരോ ഇഷ്ടിക കളത്തിലും നൂറ് കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മുമ്പ് തമിഴ്നാട്ടിൽ ജോലി ചെയ്തിരുന്നവരെ കൂട്ടത്തോടെ ഇവിടെ എത്തിക്കുകയായിരുന്നു. ബംഗാളികളും തമിഴ്നാട്ടിൽ നിന്നുള്ളവരുമാണ് തൊഴിലാളികൾ. കോരയാർ, വരട്ടയാർ പുഴയോരങ്ങളുടെ ഇരുവശങ്ങളേയുമാണ് ഇഷ്ടക നിർമ്മാണത്തിനായി നിർമ്മാതാക്കൾ തിരഞ്ഞെടുത്തിട്ടുള്ളത്.
കുടിവെള്ളക്ഷാമത്തിന് കാരണമാകും
വടകരപ്പതി പഞ്ചായത്തിൽ മഞ്ച കുന്ന്, കെരാമ്പാറ, കരിയം ചെട്ടികളം എന്നീ പ്രദേശങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കൂടാരം. പുഴയിലും ചെക്ക് ഡാമുകളിലും ഇപ്പോഴും വെള്ളം ഒഴുകുന്നത് ഇവർക്ക് അനുകൂലമാണ്. പുഴയോരങ്ങളിൽ മുമ്പ് മണൽ ഖനനം നടത്തിയിരുന്നതിനു സമാനമാണ് ഇപ്പോഴത്തെ ഇഷ്ടിക നിർമ്മാണം. മണ്ണും മണലും ഊറ്റിയെടുത്ത വൻഘർത്തങ്ങൾ ഇവിടെയെല്ലാം കാണാനാകും. പുഴയെ കാർന്നു തിന്നുന്ന രീതിയിലുള്ള ഇഷ്ടിക നിർമ്മാണം കുടിവെള്ളക്ഷാമം രൂക്ഷമാക്കാൻ ഇടയാക്കും. കൃഷിയിടത്തുള്ള കുഴൽ കിണർ
വെള്ളത്തേയും സാരമായി ബാധിക്കും. ഇവിടെ നിർമ്മിക്കുന്ന ഇഷ്ടിക തമിഴ് നാട്ടിലേക്ക് വ്യാപകമായി കടത്താനും നീക്കം നടത്തുന്നുണ്ട്.