psc

പാലക്കാട്: വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം ലഭിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഉന്തിയ പല്ല് ആയോഗ്യതയാണെന്ന പി.എസ്.സി മാനദണ്ഡം വിവാദമായി. ഉന്തിയ പല്ലുമൂലം ആദിവാസി യുവാവിന് തന്റെ സ്വപ്നജോലി നഷ്ടമായിരുന്നു. പുതൂർ പഞ്ചായത്ത് ആനവായ് ഊരിലെ കുറുമ്പർ വിഭാഗത്തിൽ പെട്ട വെള്ളിയുടെ മകൻ മുത്തുവിനാണ് ജോലി നിഷേധിച്ചത്. അഭിമുഖം കഴിഞ്ഞ ശേഷമാണ് ഡോക്ടർ സർട്ടിഫിക്കറ്റ് പ്രകാരം അയോഗ്യനാണെന്ന് പി.എസ്.സി അറിയിച്ചതെന്ന് മുത്തു പറയുന്നു.

ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷ്യൽ റൂളിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പി.എസ്.സി വാദം. ഇതു കണ്ടെത്തിയാൽ ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുൻ പല്ല്) ഉൾപ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പി.എസ്.സി പറയുന്നു.

എന്നാൽ, പൊലീസ് സേനയിൽ ഇത് ബാധകമാക്കാമെങ്കിലും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക പോലുള്ളവയിൽ ഇത് നിർബന്ധമാക്കുന്നതാണ് ചർച്ചയായത്. ഇത്തരം വിഷയങ്ങളിൽ മാനുഷിക പരിഗണന വേണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. ഈ തസ്തികയിൽ പി.എസ്.സിയുടെ സ്‌പെഷ്യൽ റിക്രൂട്ട്മെന്റിൽ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയുമൊക്കെ വിജയിച്ചാണ് മുത്തു അഭിമുഖത്തിൽ പങ്കെടുത്തത്. ശാരീരികക്ഷമത പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

ചെറുപ്രായത്തിൽ വീണതിനെ തുടർന്നാണ് മുത്തുവിന്റെ പല്ലിന് തകരാർ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണ് ചികിത്സിക്കാൻ കഴിയാതിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ശസ്ത്രക്രിയയ്ക്ക് 18,000 രൂപ ചെലവ് വരും.

''സംഭവത്തിൽ വനം വകുപ്പ് നിസഹായരാണ്. പി.എസ്.സി മാനദണ്ഡപ്രകാരമാണ് നിയമനം നൽകുന്നത്. പി.എസ്.സിയാണ് മെഡിക്കൽ പരിശോധന ഉൾപ്പെടെ നടത്തിയത്. കുടുംബത്തോട് സഹതാപമുണ്ട്.

-എ.കെ.ശശീന്ദ്രൻ,

വനം വകുപ്പ് മന്ത്രി