
ചെർപ്പുളശ്ശേരി: മുണ്ടൂർ - തൂത നാലുവരി പാത നിർമ്മാണത്തിന്റെ ഭാഗമായി റോഡ് പൊളിച്ചിട്ട 26-ാം മൈൽ, മാങ്ങോട് തുടങ്ങിയ ഭാഗങ്ങളിൽ പൊടിശല്യം രൂക്ഷം. യാത്രക്കാർ മാത്രമല്ല, സമീപത്തെ കച്ചവടക്കാരും വീട്ടുകാരുമെല്ലാം ഇതു കാരണം വലിയ ദുരിതമാണ് നാളുകളായി നേരിടുന്നത്. പൊളിച്ചിട്ട റോഡിൽ നവീകരണം ഇഴയുന്നതാണ് യാത്രക്കാരെയും സമീപ വാസികളെയും ഏറെ ദുരിതത്തിലാക്കുന്നത്. ദിവസത്തിൽ ഒന്നോ രണ്ടോ തവണ കരാറുകാർ റോഡിൽ വെള്ളം തളിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും പൊടിശല്യം അടങ്ങുന്നില്ല.
കച്ചവടക്കാർക്കും ദുരിതം
ഈ ഭാഗങ്ങളിൽ അപകടങ്ങളും നിത്യ സംഭവമായി മാറിയതായി നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിശല്യം കാരണം പിന്നിൽ ചെറിയ വാഹനങ്ങളിൽ വരുന്നവരും ഇരുചക്ര വാഹന യാത്രക്കാരുമാണ് വലിയ പ്രശ്നം അനുഭവിക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെയെല്ലാം ഷട്ടർ അടച്ചിടേണ്ട സ്ഥിതിയാണ്. ഇത് കാരണം കച്ചവടം നടക്കുന്നില്ലെന്നും പൊടികയറി സാധനങ്ങളെല്ലാം നാശമാകുന്ന സ്ഥിതിയാണെന്നും വ്യാപാരികൾ പറയുന്നു.
അടിയന്തര നടപടിവേണം
ഡിസംബർ 15നകം പണി പൂർത്തിയാകുമെന്നാണ് കരാറുകാർ പറഞ്ഞിരുന്നതെങ്കിലും പണി നീളുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. റോഡിന് ഇരുവശവും താമസിക്കുന്ന വീട്ടുകാരും പൊടിശല്യം മൂലം വലഞ്ഞിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെവരെ വിളിച്ച് പ്രശ്നം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. പ്രവൃത്തികൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ പൊടിശല്യം പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്നുമാണ് ഇവരുടെ ആവശ്യം.