
അലനല്ലൂർ: ലോകകപ്പ് ഫുട്‌ബാൾ ആവേശം കെട്ടടങ്ങിയിട്ടും പാതയോരത്തെ ഫ്ളക്സ് ബോർഡുകളും കട്ടൗട്ടുകളും തോരണങ്ങളും നീക്കം ചെയ്തില്ല. കോടതി ഉത്തരവ് വന്നിട്ടും അത് നടപ്പാക്കാൻ ആരാധകരും ക്ലബുകളും തയ്യാറാവുന്നില്ല. ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ആരാധകർ സ്ഥാപിച്ച താരങ്ങളുടെ വലിയ കട്ടൗട്ടുകൾ റോഡ് വിട്ടിട്ടില്ല. ഇത് കാരണം പല സ്ഥലത്തും എതിരെ വരുന്ന വാഹനങ്ങൾ കാണുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ബാനറുകൾ കെട്ടുമ്പോഴുള്ള ആവേശം അഴിച്ച് മാറ്റുന്ന കാര്യത്തിൽ കാണാറില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പല കട്ടൗട്ടുകളും മരക്കഷ്ണങ്ങളാലാണ് ഉയർത്തിയിരിക്കുന്നത്. ദിവസങ്ങൾ കഴിയുമ്പോൾ മരങ്ങൾ ദ്രവിച്ച് പൊട്ടി വീഴാനുള്ള സാധ്യതയും ഏറെയാണ്. പാതയോരത്ത് കെട്ടിയ തോരണങ്ങൾ അതേപടി ഉപേക്ഷിക്കുകയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇവ പലപ്പോഴും കാറ്റിൽ റോഡിലേക്ക് പറന്നുവരും. ഇത് കാരണം ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരാണ് മിക്കപ്പോഴും അപകടത്തിന് ഇരയാകുന്നത്. പാതയോരത്ത് സ്ഥാപിച്ച ഇത്തരം കട്ടൗട്ടുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.