soldier

പാലക്കാട്: സിക്കിമിൽ ട്രക്ക് മറിഞ്ഞ് മരിച്ച സൈനികൻ പാലക്കാട് മാത്തൂർ സ്വദേശി വൈശാഖിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചുങ്കമന്നം സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഐവർമഠത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.

സിക്കിമിൽ നിന്ന് ഞായറാഴ്ച വൈകിട്ട് ആറരയോടെ കോയമ്പത്തൂർ വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചിരുന്നു. എട്ട് മണിയോടെ സൈനിക വാഹനങ്ങളുടെ അകമ്പടിയിൽ വാളയാറിലെത്തി. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ വിലാപയാത്രയായി ഒൻപതരയോടെ മൃതദേഹം മാത്തൂർ ചെങ്ങണിയൂർക്കാവിലെ വീട്ടിലെത്തിക്കുകയായിരുന്നു.

വൈശാഖിന് അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിലും ചുങ്കമന്നം സ്കൂളിലുമായെത്തിയത്. മന്ത്രി കെ. കൃഷ്ണൻകുട്ടി സംസ്ഥാന സർക്കാരിന് വേണ്ടി റീത്ത് സമർപ്പിച്ചു. മാത്തൂർ ചുങ്കമന്ദം യു.പി സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മാശനത്തിലാണ് സംസ്‌കാരം നടത്തിയത്. എം.എൽ.എമാരായ കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, അഡ്വ. കെ. ശാന്തകുമാരി, ഷാഫി പറമ്പിൽ, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ അന്തിമോപചാരമർപ്പിച്ചു.
ഡിസംബർ 23നാണ് അതിർത്തി പോസ്റ്റിലേക്ക് പോകുന്നതിനിടെ വടക്കൻ സിക്കിമിലെ സെമയിൽ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് വൈശാഖ് ഉൾപ്പെടെ 16 പേർ മരിച്ചത്. അപകടത്തിൽ മൂന്ന് ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർക്കും 13 സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. 221 കരസേന റജിമെന്റിൽ നായിക്ക് ആയി സേവനം ചെയ്യുകയായിരുന്നു വൈശാഖ്.