ചിറ്റൂർ: കിഴക്കൻ മേഖലയിൽ കറവപശുക്കളിൽ ചർമ്മ മുഴ വ്യാപകം. എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ മലയാണ്ടി കൗണ്ടനൂർ, വണ്ണാമട, മൂങ്കിൽ മട, മേട്ടുക്കട, കുമാരനൂർ, കുന്നങ്കാട്ടുപ്പതി തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗബാധ രൂക്ഷമായിട്ടുള്ളത്. രോഗം ബാധിച്ചതോടെ പാൽ ഉത്പാദനവും നിലച്ചു. ഇതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഏറെ വർഷങ്ങളായി പാൽ ഉത്പാദനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിവരുന്നവരാണ് കിഴക്കൻ മേഖലയിലെ ഭൂരിപക്ഷം കുടുംബങ്ങളും. വരുമാനം നിലച്ചതോടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.
കിഴക്കൻ മേഖലയിൽ മിക്കവരും അഞ്ചുമുതൽ 10 വരെ പശുക്കളെ വളർത്തുന്നുണ്ട്. ഈ പശുക്കളിൽ നിന്നും ദിവസേന ഏഴുമുതൽ പത്തുലിറ്റർ വരെ പാൽ ലഭിക്കുമായിരുന്നു. ഇപ്പോഴത് നാലിലൊന്നായി കുറഞ്ഞു.
രോഗ ലക്ഷണം
പശുക്കൾക്ക് കടുത്ത പനിയും ശരീരത്തിൽ ചെറുതും വലുതുമായ മുഴകൾ പ്രത്യക്ഷ്യപ്പെടുന്നതുമാണ് രോഗ ലക്ഷണം. പ്രത്യേകിച്ച് കാലിലാണ് ആദ്യം കാണുന്നത്. ഈ ചർമ്മ മുഴകൾ പഴുത്ത് വൃണമായി പൊട്ടി ഒലിക്കും. പശുക്കൾക്ക് നില്ക്കാനും കിടക്കാനും പ്രയാസമുണ്ടാകും. കിടന്നാൽ ഉടൻ എഴുന്നേൽക്കാൻ കഴിയില്ല. പല പശുക്കളും കിടന്നകിടപ്പിൽ തന്നെ മരണപ്പെടുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്.
ആശ്രയം നാട്ടുചികിത്സ
രോഗം ബാധിച്ച പശുക്കൾക്ക് നാട്ടുചികിത്സയെ മാത്രമാണ് ഇപ്പോൾ പലരും ആശ്രയിക്കുന്നത്. വേപ്പില, സീതാപ്പഴ തളിരില, തഴപുകയില, ചുണ്ണാമ്പ് എന്നിവയുടെ മിശ്രിതം കുഴമ്പു രൂപത്തിലാക്കി ചർമ്മ മുഴകളിൽ തേച്ച് പിടിപ്പിക്കുകയാണ് നാട്ടു ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്. രോഗം രണ്ട് മുതൽ മൂന്നാഴ്ച വരെ നീണ്ടു നിൽക്കും. രോഗം ബാധിച്ചാൽ കുത്തിവയ്പ് എടുക്കാറില്ല. രോഗം ബാധിക്കുന്നതിന് മുമ്പ് നടത്തുന്ന പ്രതിരോധ കുത്തിവയ്പ് മൃഗസംരക്ഷണ വകുപ്പ് നടത്താറുണ്ടെന്ന് കൊഴിഞ്ഞാമ്പാറ മൃഗാശുപത്രി ഡോ. രാധാകൃഷ്ണൻ പറഞ്ഞു.
മലയാണ്ടി കൗണ്ടനൂരിൽ രോഗം ബാധിച്ച പശുവിനൊപ്പം ക്ഷീരകർഷകനും ഭാര്യയും