
ഒറ്റപ്പാലം: കാറ്റിലാടി നിൽക്കുകയാണ് നിളാതടത്തിലെ ആറ്റുവഞ്ചിപൂക്കൾ. പുഴയുടെ മാറിടങ്ങളിലെ മണൽ പരപ്പുകളെ കീഴടക്കി ആറ്റുവഞ്ചികൾ പൂത്ത് നിൽക്കുന്ന കാഴ്ച കാണാം. ഡിസംബർ ജനുവരി മാസങ്ങളിൽ ഇവ സമൃദ്ധമായി പൂത്തുലയുന്ന സമയമാണ്. കാറ്റിലാടി ഉലയുന്ന ആറ്റുവഞ്ചിപൂക്കളിൽ നിന്ന് അനേകം വിത്തുകൾ പാറി പറക്കും. മണൽ വാരി അടിത്തട്ട് കണ്ട പുഴയുടെ മൺ ഭാഗങ്ങളിൽ ഇവ സമൃദ്ധിയായി മുളച്ചുപൊന്തും. പത്തടിയോളം ഉയരത്തിൽ ഇവ വളർന്ന് പൊങ്ങും. ആറ്റുവഞ്ചിക്കാടുകളായി ഇവ പരിണമിക്കും. ഓരോ വർഷവും ഈ സീസണിൽ ഇവ പൂത്തുലയും. കടുത്ത വേനലിൽ വാടിത്തളർന്ന് കാഴ്ചയുടെ നിറം മങ്ങും. മഴ കിട്ടിയാൽ വളർച്ച വീണ്ടെടുക്കും. പിന്നെ പൂക്കളിടും...
ആറ്റുവഞ്ചികൾ പൂത്ത് നിൽക്കുന്ന നിളാതട കാഴ്ചകൾ മനോഹരമായി തോന്നാമെങ്കിലും പാരിസ്ഥിതികമായി ഒരു പുഴയുടെ നാശമാണ് ഇത് പ്രകടിപ്പിക്കുന്നത്. മനുഷ്യന്റെ കൈകടത്തലിൽ ആസന്നമൃത്യുവിനിരയാവേണ്ടി വരുന്ന പുഴയുടെ ദൈന്യഭാവവും സങ്കടവുമാണ് ആറ്റുവഞ്ചി പൂക്കളിൽ നിറയുന്നതെന്ന് പരിസ്ഥിതി ഗവേഷകരും മറ്റും മുന്നറിയിപ്പ് നൽകുന്നു. പുഴ നൽകുന്ന മഹാനാശത്തിന്റെ മുന്നറിയിപ്പാണിത്. ആറ്റുവഞ്ചികൾ നിളയ്ക്ക് ചന്തം നിറയ്ക്കുന്ന കാഴ്ചയാണെങ്കിലും, ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക ദോഷങ്ങൾ പലതാണ്.
കവിതയിലേയും പാട്ടിലേയും താരം
നിളയിലെ ആറ്റുവഞ്ചി കാഴ്ചകൾ മലയാളത്തിലെ പല കവി ഹൃദയങ്ങളെയും പാട്ടെഴുത്തുകാരെയും സംവിധായകരെയും അഭ്രപാളിയെയും സ്വാധീനിച്ചിട്ടുണ്ട്. ആറ്റുവഞ്ചികൾ പൂത്ത് നിൽക്കുന്ന നിളാതീരത്തേക്ക് വരാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞ് പല പ്രശസ്തരും ഈ കാഴ്ചകളെ പുകഴ്ത്തിയിട്ടുണ്ട്. ' ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലയുമ്പോൾ...' സുന്ദരമായ വരികളാൽ ഒ.എൻ.വിയും നിളയിലെ ആറ്റുവഞ്ചി പൂക്കളെ കുറിച്ച് എഴുതിയിട്ടു.
മൂന്നാറിന്റെ മലമടക്കുകളിലെ നീലക്കുറിഞ്ഞി പോലെ ഇവിടെ നിളയുടെ മണൽ പരപ്പുകളിൽ ആറ്റുവഞ്ചി പൂത്തുലഞ്ഞ കാഴ്ച മഞ്ഞ് വീഴുന്ന ഡിസംബറിലെ പുലരികളിൽ മറ്റൊരു വശ്യതയാണ്. അസ്തമന നേരത്ത് സുവർണ നിറം പരക്കുന്ന കാഴ്ചയും കണ്ണിന് കുളിരാണ്.
നിളയിൽ നിറഞ്ഞ ആറ്റുവഞ്ചി പൂക്കൾ