peace-of-wall

ചെർപ്പുളശ്ശേരി: ഹൈസ്‌കൂൾ മൈതാനത്തോട് ചേർന്നുള്ള കലാ സൃഷ്ടിയായ സമാധാന മതിലിന്റെ ഉദ്ഘാടനം ജനുവരി രണ്ടിന് വൈകീട്ട് 4ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ചെർപ്പുളശ്ശേരിയുടെ ചരിത്രവും സംസ്‌കാരവും ഉൾപ്പെടുത്തിയുള്ള വാൾ ഒഫ് പീസ് മൂന്ന് വർഷം മുമ്പാണ് നിർമ്മിച്ചത്. ചിത്രകാരനും ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസറും അടക്കാപുത്തൂർ സ്വദേശിയുമായ സുരേഷ് കെ.നായരാണ് നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്. 7000 ചതുരശ്ര അടി വിസ്തീർണത്തിൽ 300 മീറ്റർ നീളത്തിലുള്ളൊരു പബ്ലിക് ആർട് കേരളത്തിൽ തന്നെ അപൂർവ്വ സൃഷ്ടിയാണ്.

സ്‌കൂൾ വികസന പദ്ധതിയായ സ്‌പേസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സഹായ സഹകരണത്തോടെ 20 ലക്ഷം രൂപയോളം ചെലവിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. സമാധാനം എന്നർത്ഥം വരുന്ന വാക്ക് ഇരുനൂറിലധികം ഭാഷകളിൽ മതിലിൽ കൊത്തിയിട്ടുണ്ട്. ചെർപ്പുളശ്ശേരിയുടെ ചരിത്രം, കാള വേല, ഫുട്ബാൾ പാരമ്പര്യം എന്നിവയെല്ലാം ചിത്രങ്ങളായി മതിലിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

പണി പൂർത്തിയായിട്ടും മതിലിന്റെ ഉദ്ഘാടനം നടത്താനായിരുന്നില്ല. കൊവിഡ് മഹാമാരിയോടെ ഉദ്ഘാടനം നീണ്ടുപോയി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാ സ്ഥാപനത്തോടൊപ്പമാണ് മതിലിന്റെ ഉദ്ഘാടനവും നടക്കുക. മതിലിന്റെ സംരക്ഷണവും, ദീപാലങ്കാരവും ഉൾപ്പടെയുള്ള തുടർ പ്രവർത്തനങ്ങളും നടപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾതന്നെ ധാരാളം പേർ സമാധാന മതിൽ കാണുന്നതിനും ഫോട്ടോ ഷൂട്ടിനുമെല്ലാമായി ഇവിടെ എത്തുന്നുണ്ട്.