
അകത്തേത്തറ: നാടുവിറപ്പിക്കുന്ന 'പി.ടി 7' എന്ന കാട്ടാനയെ തുരത്തൽ നീളുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പ്രദേശത്ത് നാൾക്കുനാൾ ഭീതിപടർത്തുന്ന ആനയെ മയക്കുവെടിവെച്ച് പിടിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്. ആനയെ പിടികൂടാൻ എന്താണ് തടസമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മുഖ്യ വന്യജീവി വാർഡൻ 'പി.ടി 7'നെ പിടികൂടാനുള്ള അനുമതിപത്രം ഇതുവരെയും നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ദൗത്യസംഘത്തിലെ 32 അംഗങ്ങളുടെ ഔദ്യോഗിക പാനൽ അംഗീകരിച്ച് ഉത്തരവ് നൽകുന്ന മുറയ്ക്കാവും കാട്ടാനയെ പിടികൂടുന്ന ദൗത്യം ആരംഭിക്കുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ മായാപുരത്തും ധോണി പരിസരത്തും കൊലയാളി കാട്ടാന ഇറങ്ങിയിരുന്നു. മയക്കുവെടി വെയ്ക്കാനുള്ള നടപടി പൂർത്തിയായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വയനാട്ടിൽ നിന്നുള്ള ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലെ സംഘം മയക്കുവെടി വെക്കാൻ ആനയെ നിരീക്ഷിച്ച് വരികയാണ്.
നേരത്തെ പാലക്കാട് ധോണിയിൽ രാത്രി എത്തുന്ന പി.ടി 7 രാവിലെ മാത്രമാണ് മടങ്ങാറ്. ഇതിനിടയിൽ കൃഷി നാശം മാത്രമല്ല മേഖലയിലെ ആളുകൾക്ക് സംഭവിച്ചിട്ടുള്ളത്. തുടക്കത്തിൽ രാത്രി മാത്രം എത്തിയിരുന്ന ആന പിന്നീട് രാപകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലയിൽ എത്തി തുടങ്ങിയത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും പി.ടി 7 ചെയ്തിരുന്നു.
രാത്രി നാട്ടുവഴികളിലൂടെ കറങ്ങി കണ്ണിൽ കണ്ടതെല്ലാം കുത്തിമറിച്ചും വിള നശിപ്പിച്ചും നീങ്ങുന്ന ആനയെ ദ്രുത പ്രതികരണസേന കാട് കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മദപ്പാടിന്റെ ലക്ഷണങ്ങൾ ഉള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ധോണി സ്വദേശി ശിവരാമനെ കൊലപ്പെടുത്തിയതും ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചതും ഈ കാട്ടാനയാണ്. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി വയനാട് മുത്തങ്ങയിലെ പരിശീലന കേന്ദ്രത്തിലേക്ക് അയക്കാൻ തീരുമാനിച്ചത്.
ഇതിനായി മുത്തങ്ങയിൽ കൂടൊരുക്കിയെങ്കിലും കാട്ടാനയെ പിന്തുടർന്ന് നാട്ടിലെത്തിക്കേണ്ട കുങ്കിയാനകൾക്ക് മദപ്പാട് കണ്ടത് വിനയായി. വയനാട്ടിൽ നിന്ന് കൂടുതൽ കുങ്കിയാനകളെ കൊണ്ടുവരാനായിരുന്നു പിന്നീടുള്ള നീക്കം. കാട്ടാനയെ പിടികൂടാനുള്ള ഒരുക്കങ്ങൾക്കിടയിൽ പ്രതികൂല സാഹചര്യങ്ങളും അധികൃതരുടെ മെല്ലെപ്പോക്കും തിരിച്ചടിയായി.
മുത്തങ്ങയിൽ പ്രത്യേക കൂട്
മയക്കുവെടിവച്ച് പി.ടി 7നെ പിടികൂടി വയനാട്ടിലെത്തിച്ച് പരിശീലനം നൽകി താപ്പാനയാക്കാനാണ് വനംവകുപ്പിന്റെ പദ്ധതി. ഇതിനായി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ പ്രത്യേക കൂടാണ് ഒരുങ്ങുന്നത്. നാലടിയോളം വണ്ണമുള്ള 24 മരത്തൂണുകൾ ഉപയോഗിച്ചാണ് കൂട് ഒരുക്കിയത്. മെരുങ്ങുന്നതുവരെ 18 അടി ഉയരമുള്ള ഈ കൂട്ടിലായിരിക്കും പിടിയിലായാൽ പിടി 7ന്റെ ജീവിതം.