
ചെർപ്പുളശ്ശേരി: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നെല്ലായയിൽ തുടങ്ങി. ഡി.വൈ.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് ജെയ്ക്ക് സി.തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ സ്വഭാവമുള്ള സർക്കാരുകളെ അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇവിടെ നമ്മുടെ ചേരിയേതെന്ന ചോദ്യവും ഉയരുന്നു. മതനിരപേക്ഷത എന്നും ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് തകർക്കാനാവുമോ എന്നതാണ് ചില പരീക്ഷണങ്ങളിലൂടെ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.
കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി.ജയപ്രകാശ് അദ്ധ്യക്ഷനായി. പി.മമ്മിക്കുട്ടി എം.എൽ എ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ.മുഹമ്മദ് ബഷീർ, എം.ആർ.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രതിനിധി സമ്മേളനം നന്നു. കെ.ലത രക്തസാക്ഷി പ്രമേയവും വി.പി.ശശികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.എസ്.പ്രശാന്ത് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.ആർ.മഹേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. വൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു മുഖ്യപ്രഭാഷണം നടത്തി. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പോടുകൂടി സമ്മേളനം ഇന്ന് സമാപിക്കും.