ചെങ്ങന്നൂരിലെ പാറയ്ക്കൽ ഗ്രാമത്തിന് പറയാനുള്ളത് ഗുരുദേവാനുഗ്രഹത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ

ശ്രീനാരായണ ഗുരുദേവ സ്മരണയുടെ പുണ്യം പകരുന്ന തീർത്ഥജലമാണ് പാറയ്ക്കലിൽ ഒഴുകുന്നത്. ചെങ്ങന്നൂരിലെ പാറയ്ക്കൽ എന്ന കൊച്ചുഗ്രാമത്തിലെ ഈ തീർത്ഥജലം ആയിരങ്ങൾക്ക് പകരുന്നത് അനുഗ്രഹത്തിന്റെ കുളിർമ്മയാണ്. 108 വർഷങ്ങൾക്കുമുൻപ് 1914ൽ (കൊല്ലവർഷം 1090 കന്നി 2) ഗുരുദേവൻ സൃഷ്ടിച്ചതാണ് ഈ തീർത്ഥം. കടുത്തവേനലിൽ പോലും ഈ തെളിനീരുറവ വറ്റിയിട്ടില്ല. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആത്മീയ തലസ്ഥാനം കൂടിയാണ് . ശ്രീനാരായണീയരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പാറയ്ക്കൽ, ചെങ്ങന്നൂർ മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം എന്നിവിടങ്ങളിലെ സന്ദർശന വേളയിൽ ശ്രീനാരായണ ഗുരുദേവൻ ഒരു ഭവനം സന്ദർശിച്ചിരുന്നു. ഗൃഹശുദ്ധി സംബന്ധിച്ച് അനിഷ്ട കാര്യങ്ങൾ ഗുരുവിന്റെ ദിവ്യ ദൃഷ്ടിയിൽ ദർശിച്ചു. ഭവനത്തിലെ പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് ഇപ്പോഴുളള ഗുരുക്ഷേത്രത്തിന്റെ മുന്നിലായി കുറ്റിക്കാടുകൾക്കും ചെങ്കൽ പാറകൾക്കുമിടയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന അരയാൽ മരത്തിന്റെ ചുവട്ടിൽ അദ്ദേഹം വളരെനേരം ഇരുന്ന് വിശ്രമിച്ചു. ഇതിനിടെ കലശലായ ദാഹം അനുഭവപ്പെട്ട ഗുരുദേവൻ ആൽമരത്തിനു സമീപമുളള കുളക്കരയിലെ പാറക്കെട്ടുകളിലേക്ക് ഇറങ്ങി ഒരു പാറക്കഷണം ഇളക്കിമാറ്റി. ഇവിടെ നിന്ന് രൂപപ്പെട്ട തെളിനീരുറവയിലെ ജലം കുടിച്ച് ദാഹമകറ്റി. ഗുരുദേവൻ വിശ്രമിക്കുന്നതറിഞ്ഞ് ഇവിടെയെത്തിയ നാട്ടുകാരോട് ഈ പ്രദേശം ഒരു പുണ്യ തീർത്ഥാടന കേന്ദ്രമായി മാറുമെന്ന് ഗുരു അരുൾചെയ്തു. കഠിനമായ വേനലിൽപ്പോലും വറ്റാത്ത ഈ നീരുറവയ്ക്ക് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. ശിവഗിരി തീർത്ഥാടകർ ഉൾപ്പടെ ഇവിടെയെത്തുന്നവർ ഈ ജലം പുണ്യതീർത്ഥമായി കാണുകയും ശേഖരിച്ച് വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. നീരുറവയുള്ള ഭാഗം വിപുലീകരിച്ച് പിന്നീട് പുണ്യ തീർത്ഥ മണ്ഡപമാക്കി മാറ്റി. ഇവിടെയുള്ള അരയാൽ മരത്തിനും തീർത്ഥാടകർ പാവനത്വം കൽപ്പിക്കുന്നു.
ആദ്യ ശിവഗിരി
തീർത്ഥാടന
വിശ്രമകേന്ദ്രം
ഗുരുദേവ പാദസ്പർശമേറ്റ ഈ പുണ്യഭൂമിയിൽ ഗുരുദേവക്ഷേത്രം നിർമ്മിച്ച് 1969 ഏപ്രിൽ 22നാണ് പ്രതിഷ്ഠാകർമ്മം നടത്തിയത്. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, മന്ത്രി ടി.കെ.ദിവാകരൻ, സമ്പൂർണ്ണാനന്ദ സ്വാമി , ആര്യഭട സ്വാമി , കളത്തിൽ വേലായുധൻ നായർ, ഡോ. ജോസഫ് മുണ്ടശേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആർ. ശങ്കറാണ് ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ചത്.1984 മുതൽ ശിവഗിരി തീർത്ഥാടകർ പദയാത്രയായി പാറയ്ക്കലിൽ എത്തി വിശ്രമിക്കാനും പ്രാർത്ഥന നടത്തുവാനും ആരംഭിച്ചു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ 1994 ഏപ്രിൽ 23ന് ലോകത്തിൽ തന്നെ ആദ്യമായി ഇവിടം ശിവഗിരി തീർത്ഥാടന വിശ്രമകേന്ദ്രമായി ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദ സ്വാമി ഗുരുഭക്തർക്കായി സമർപ്പിച്ചു. പിന്നീട് അറുനൂറിൽപ്പരം തീർത്ഥാടകർക്ക് വിശ്രമിക്കാനും 250ൽ പരം ആളുകൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമുളള സൗകര്യത്തോടുകൂടിയ ഇരുനിലകളുളള ശിവഗിരി തീർത്ഥാടന വിശ്രമകേന്ദ്രം 2015 ഏപ്രിൽ 24ന് ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ സാന്നിദ്ധ്യത്തിൽ ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമി ഉദ്ഘാടനംചെയ്തു.
ധ്യാനവേദികളിൽ
സംഭവിച്ചത്
1995ൽ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ സച്ചിദാനന്ദ സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ നാലു ദിവസം നീണ്ടുനിന്ന ആയിരങ്ങൾ പങ്കെടുത്ത ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഏറെ ശ്രദ്ധനേടി. സമൂഹാർച്ചന വേളയിൽ കടുത്ത വേനൽക്കാലമായിട്ടുപോലും വളരെപെട്ടെന്നുണ്ടായ അന്തരീക്ഷ വ്യതിയാനവും പുഷ്പ വൃഷ്ടിപോലെയുണ്ടായ ചാറ്റൽമഴയും ഭക്തർക്ക് വിസ്മയമായി. 2002 സെപ്തംബർ 29 മുതൽ ഒക്ടോബർ 6വരെ സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ 8 ദിവസം നീണ്ടുനിന്ന 150-ാം ദിവ്യപ്രബോധനവും ധ്യാനവും എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പാറയ്ക്കൽ ഗുരുദേവക്ഷേത്രത്തിൽ നടന്നു. ധ്യാനവേദിയിലെത്തിയ ജന്മനാ സംസാരശേഷിയില്ലാത്ത 25 വയസുളള യുവാവും 17 വയസുള്ള പെൺകുട്ടിയും ആറാംനാൾ ഓം നമോ നാരായണ എന്ന ദേവമന്ത്രം ഉരുവിട്ടു. അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ബാബു ദിവാകരനും നിരവധി മാദ്ധ്യമ പ്രവർത്തകരും ഇതിന് സാക്ഷികളായി. ഇതേ ദിവസംതന്നെ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. കുളനട മാന്തുക സ്വദേശിയായ റിട്ട. സൈനിക ഉദ്യോഗസ്ഥൻ ശിവരാമകൃഷ്ണ പിളള ധ്യാനത്തെപ്പറ്റി കേട്ടറിഞ്ഞ് ഭാര്യാ സമേതനായി ധ്യാനവേദിയിൽ എത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കാശ്മീരിൽവെച്ച് മഞ്ഞുപാളിവീണ് വലതുകാലിന്റെ ചലനശേഷി പാടെ നഷ്ടപ്പെട്ടിരുന്നു. ചലനശേഷി വീണ്ടെടുക്കാൻ വർഷങ്ങളായി ഒരുപാട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ധ്യാനത്തിന്റെ ആറാം നാൾ അദ്ദേഹത്തിന്റെ വലതുകാലിന് ചെറിയ ചലനം അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ, സച്ചിദാനന്ദ സ്വാമിയെ ഈ വിവരം ധരിപ്പിച്ചു. സ്വാമിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ എടുത്തുകൊണ്ട് പുണ്യതീർത്ഥ മണ്ഡപത്തിൽ കൊണ്ടുപോകുകയും വലതുകാൽ പുണ്യ തീർത്ഥത്തിൽ വച്ചുകൊണ്ട് അരമണിക്കൂർ സമയം ഇരുത്തുകയും ചെയ്തു. തുടർന്ന് ഭാര്യയുടെയും സഹായിയുടെയും ചുമലിൽ പിടിച്ചുകൊണ്ട് കാലുകൾ നിലത്തൂന്നി 150 മീറ്ററോളം ദൂരം നടന്ന് അദ്ദേഹം ധ്യാനവേദിയിൽ തിരിച്ചെത്തി. അടുത്ത രണ്ടു ദിവസവും അദ്ദേഹം നടന്നുവന്നാണ് ധ്യാനത്തിൽ പങ്കെടുത്തതെന്നാണ് വിശ്വാസികൾ പറയുന്നത് . അത്ഭുതങ്ങളുടെ പരമ്പര സംഭവിച്ച ഈ ധ്യാനത്തോടെ ഗുരുവിന്റെ ശക്തിയും പാറയ്ക്കലിന്റെ പ്രശസ്തിയും ജനങ്ങൾക്ക് കൂടുതൽ ബോദ്ധ്യമായി.
ചെങ്ങന്നൂർ യൂണിയൻ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിച്ചതിനുശേഷം രാഷ്ട്രീയ രംഗത്തെ പ്രമുഖരും പാറയ്ക്കൽ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. പാറയ്ക്കലിന്റെ ആത്മീയ ചൈതന്യം നുകരാൻ എത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ കേന്ദ്രസർക്കാരിന്റെ സഹായമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും, സംസ്ഥാന സർക്കാർ പാറയ്ക്കലിന്റെ വികസനത്തിനായി ബൃഹത് പദ്ധതി തയ്യാറാക്കുമെന്ന് സജി ചെറിയാൻ എം.എൽ.എയും വികസനകാര്യത്തിൽ ഒപ്പമുണ്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും പാറയ്ക്കൽ സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ചു. അയ്യപ്പന്റെ മൂലസ്ഥാനമായ പന്തളത്തിനും ശബരിമലയുടെ തീർത്ഥാടന കവാടമായ ചെങ്ങന്നൂരിനുമിടയിൽ എം.സി റോഡിൽ സ്ഥിതിചെയ്യുന്ന പാറയ്ക്കൽ ദേശം ഗുരുവരുൾ പ്രകാരം തീർത്ഥാടകരുടെ മറ്റൊരു ആത്മീയ കേന്ദ്രമായി വികസിക്കുകയാണ്.