ശബരിമല : തീർത്ഥാടനകാലം പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയുടെ നവീകരണം പൂർത്തിയായില്ല. നീലിമലയിലും അപ്പാച്ചിമേട്ടിലും ശരംകുത്തിയിലും കരിങ്കല്ലുകൾ പാകുന്ന പണികൾ അനിശ്ചിതത്വത്തിലാണ്.

കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 12.10 കോടി രൂപ ചെലവിൽ ദേവസ്വം ബോർഡാണ് പരമ്പരാഗത പാതയിൽ കരിങ്കല്ലുകൾ പാകി നവീകരിക്കുന്നത്. ചില ഭാഗങ്ങളിൽ കരിങ്കൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത് തീർത്ഥാടകർക്ക് ഭീഷണിയാണ്. മിക്കയിടങ്ങളിലും കല്ലുകൾക്കിടയിലെ വിടവ് അടച്ചിട്ടില്ല.

കുത്തനെയുള്ള കയറ്റം കയറി അപ്പാച്ചിമേട്ടിൽ എത്തുമ്പോൾ യാത്ര ദുർഘടമാണ്. ബാരിക്കേഡുകൾക്കിടയിലൂടെയും മറ്റുമാണ് തീർത്ഥാടകർ ഇവിടം കടക്കുന്നത്. നീലിമലയുടെ തുടക്ക ഭാഗത്ത് വലിയ കുഴപ്പങ്ങളില്ല. എന്നാൽ മുകളിൽ എത്തുമ്പോൾ കുറച്ച് ഭാഗത്ത് കല്ലുകൾ പാകാതെ കിടക്കുന്നത് യാത്രയ്ക്ക് തടസമാകും. അപ്പാച്ചിമേട് അടിവാരത്തിലും അപ്പാച്ചിമേടിനും ശബരീപീഠത്തിനും മദ്ധ്യേയും ഇതേ അവസ്ഥതന്നെയാണ്. അപ്പാച്ചിമേട്ടിൽ പടിക്കെട്ടുകളുടെ പണിയും പൂർത്തീകരിച്ചിട്ടില്ല. ശരംകുത്തി പാതയിലും ഇതേസ്ഥിതിയാണ്. മരക്കൂട്ടത്തിനും ശരംകുത്തിക്കും മദ്ധ്യേയുള്ള പാതയിൽ വീതിക്കുറവാണ്. കരിങ്കൽ പാതയുടെ ഭാഗങ്ങളിലെ ബാരിക്കേഡുകളുടെ ഉയരം കുറച്ചിട്ടുണ്ട്. മുട്ടറ്റമാണ് ഇവയുടെ ഉയരം. ഇത് തിരക്ക് സമയത്ത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പരമ്പരാഗത പാതയുടെ നവീകരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കണമെന്ന് ദേവസ്വം ബോർഡ് കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.