ksrtc
കെ.എസ്.ആർ.ടി.സി ഗവി ടൂറിസം പാക്കേജ് മന്ത്രി വീണാജോർജ് ഫ്ളാഗ് ഒാഫ് ചെയ്യുന്നു

പത്തനംതിട്ട : പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ പാക്കേജിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിച്ചു. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളിൽ നിന്നായി സർവീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക. ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞു. ക്രിസ്മസ്, ന്യൂ ഇയർ അവധി ദിവസങ്ങളിലും സർവീസുണ്ടാകും.

പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചയൂണ്, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.
കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവിൽ ഗവിയിലേക്ക് രണ്ട് ഓർഡിനറി സർവീസ് പത്തനംതിട്ടയിൽ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡി.ടി.ഒ അറിയിച്ചു.
പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യു, വാർഡ് അംഗം എസ്.ഷമീർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ജി.ഗിരീഷ് കുമാർ, ആർ.അജി, എസ്. സുജിത്ത്, ടി.വേണുഗോപാൽ, നൗഷാദ് കണ്ണങ്കര , പി.കെ ജയപ്രകാശ്, ബജറ്റ് ടൂറിസം കൗൺസിൽ പ്രതിനിധികളായ സുമേഷ്, സന്തോഷ്, ആർ. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.