അടൂർ : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പ്രതിഷേധം ഫലം കണ്ടു. ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ രാത്രി മുതൽ പമ്പയിലേക്ക് സ്പെഷ്യൽ സർവീസ് ആരംഭിച്ചു. അടൂർ ഡിപ്പോയിൽ ശബരിമല തീർത്ഥാടകർ വലയുന്നു' എന്ന തലക്കെട്ടിൽ 24ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നും നടപടിയില്ലാതെ വന്നതോടെ ബുധനാഴ്ച രാത്രിയിൽ തീർത്ഥാടകർ ബസ് കിട്ടാതായതോടെ ആദ്യം ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുകയും തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നഗരസഭാ ചെയർമാൻ ഡി.സജിയും ഉൾപ്പെടെയുള്ളവർ ഡിപ്പോയിലെത്തി പ്രതിഷേധിച്ചത്. ഇൗ സമയം നൂറിലധികം തീർത്ഥാടകർ ഡിപ്പോയിൽ ഉണ്ടായിരുന്നു. തുടർന്ന് ചിറ്റയം ഗോപകുമാർ മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി.തുടർന്ന് മൂന്ന് ബസുകൾ അടൂർ ഡിപ്പോയിൽ നിന്നും പ്രതിദിനം നടത്താൻ നിർദ്ദേശം നൽകി. ഒപ്പം പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബസ് എത്തിച്ച് തീർത്ഥാടകരെ പമ്പയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനെ തുടർന്നാണ് സ്പീക്കർ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ മതിയായ ബസും ജീവനക്കാരും ഇല്ലാത്തതിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഏഴരയോടെ സർവീസ് അവസാനിപ്പിച്ച ഒരു ബസാണ് ജീവനക്കാരെ കണ്ടെത്തി ഒൻപത് മണിയോടെ പമ്പയിലേക്ക് സർവീസ് നടത്തിയത്.

ജീവനക്കാരുടെ കുറവ് സർവീസിനെ ബാധിക്കുന്നു

ജീവനക്കാരുടെ കുറവാണ് ഡിപ്പോ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പത്ത് ഫാസ്റ്റ് പാസഞ്ചറും അഞ്ച് സൂപ്പർഫാസ്റ്റും ഉൾപ്പെടെ 40 ഷെഡ്യൂളുകാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 90 ഡ്രൈവർമാർ വേണ്ടിടത്ത് 83 പേർമാത്രമാണ് ഉള്ളത്. ഇതിൽ തന്നെ നാലോളം ജീവനക്കാർ മെഡിക്കൽ ലീവിലാണ്. 90 കണ്ടക്ടർമാർ വേണ്ടിടത്ത് 89 പേരാണ് നിലവിൽ. ഇതിൽതന്നെ രണ്ട് പേരെ പമ്പ സ്പെഷ്യൽ ഡ്യൂട്ടിക്ക് അയച്ചതിനൊപ്പം 4 പേർ മെഡിക്കൽ ലീവ് ഉൾപ്പെടെ 18 പേർ ഡ്യൂട്ടിയ്ക്ക് എത്തുന്നില്ല. ഇതിൽ നിന്ന് വേണം പമ്പാ സ്പെഷ്യൽ സർവീസിനും ഇനി ജീവനക്കാരെ കണ്ടെത്താൻ.