റാന്നി : തിരുവാഭരണ പാതയിൽ ഡിസംബർ 15 മുതൽ നടക്കുന്ന അഖില ഭാരതീയ അയ്യപ്പ മഹാസത്ര വേദിയിൽ ഉയരുന്ന കൊടിക്കൂറയും കൊടിക്കയറും തിരുവിതാംകൂർ രാജകൊട്ടാരത്തിൽ നിന്ന് ആനയിച്ചു കൊണ്ട് വരും. ഇതിനായുള്ള കൊടിയും കയറും ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ഹിന്ദു ധർമ പരിഷത്തിന് കൈമാറും. 25ന് ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി സത്രവേദിയിൽ എത്തും. ഘോഷയാത്രയുടെ നടത്തിപ്പിനും സത്രത്തിന്റെ സംഘാടനത്തിനുമായി ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ സത്ര സഹായ സമിതി രൂപീകരിച്ചു. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവീ ക്ഷേത്രം, ശ്രികണ്ഡേശ്വര ക്ഷേത്രം, ഹനുമാൻ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തും. തുടർന്ന് അടൂർ വഴി പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും. കുളനട ക്ഷേത്രം, കിടങ്ങന്നൂർ പള്ളിമുക്ക് ക്ഷേത്രം, ആറന്മുള ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, കാട്ടൂർ, കീക്കോഴൂർ ക്ഷേത്രങ്ങൾ സന്ദർശിച്ച് ആയിക്കൽ തിരുവാഭരണ പാറയിലെത്തി 15ന് രാവിലെ റാന്നി തോട്ടമൺ കാവിൽ നിന്ന് ആരംഭിക്കുന്ന രഥ ഘോഷയാത്രയുമായി സംഗമിച്ച് സത്ര വേദിയിലെത്തി കൊടി ഉയർത്തും. പത്മനാഭ ക്ഷേത്രം ട്രസ്റ്റി കുമ്മനം രാജശേഖരൻ സത്ര സമിതി സംഘാടകരായ ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, സെക്രട്ടറി രാധാകൃഷ്ണൻ പെരുമ്പട്ടി എന്നിവരുമായി തിരുവനംതപുരത്ത് കൂടിക്കാഴ്ച നടത്തി.