ചെങ്ങന്നൂര്‍: ഭക്തിയുടെ നിറവിൽ പുണ്യപമ്പയിൽ ചെങ്ങന്നൂര്‍ ദേവിക്ക് തൃപ്പൂത്താറാട്ട് നടന്നു. മലയാള വര്‍ഷത്തെ മൂന്നാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഇന്നലെ രാവിലെ 7ന് ആറാട്ടിനായി ദേവിയെ പുറത്തേക്ക് എഴുന്നെള്ളിച്ചു.തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു. ആറാട്ടിന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടുകടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി.വിശേഷാല്‍ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി.തുടർന്ന്പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടത്തി. പതിവിലും വിപരീതമായി വൈകിയാണ് ചടങ്ങുകൾ പൂർത്തീകരിച്ചത്.ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.അസി:ദേവസ്വം കമ്മിഷണർ കെ.സൈനു രാജ് , ദേവസ്വം എച്ച്.സി.ശരണ്യ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.അജികുമാർ,ഉപദേശക സമിതി പ്രസി:എസ്.വി. പ്രസാദ് ,സെക്രട്ടറി കെ.കെ വിനോദ് കുമാർ ,രക്ഷാധികാരി കെ.ഷിബു രാജൻ മറ്റ് ഭാരവാഹികളും പങ്കെടുത്തു.