ചെങ്ങന്നൂർ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ ഭേദഗതി വരുത്തുന്നതിനുളള അന്തിമ നടപടി ക്രമങ്ങൾ ആരംഭിച്ചതായി നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു. ആദ്യഘട്ടം എന്ന നിലയിൽ മാസ്റ്റർ പ്ലാനിലെ സോൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനായുള്ള റീസർവേ 5ന് ആരംഭിക്കും. ഇതോടൊപ്പം മറ്റ് പരാതികളും പരിശോധിച്ച് പരിഹാരം കാണാനുള്ള നടപടിയും സ്വീകരിക്കും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കൗൺസിലർമാരും ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തിരുന്നു. കരട് മാസ്റ്റർ പ്ലാൻ നിലവിൽ വന്നത് മുതൽ സർക്കാർ സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. ഇതേ തുടർന്ന് കരട് മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിക്കാൻ കഴിയില്ല എന്ന വ്യാജ പ്രചാരണങ്ങളാണ് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയത്. നഗരസഭ 5, 6, 7 വാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ വാർഡ് കൗൺസിലർമാരുടെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന വാർഡ്തല സർവേയ്ക്കു ശേഷം മാസ്റ്റർ പ്ലാൻ തിരുത്തലുകൾ വരുത്തി പുനപ്രസിദ്ധീകരിക്കാനുള്ള നടപടികൾ പൂർത്തികരിക്കും. പുനപ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ വീണ്ടും തിരുത്തലുകൾ വരുത്തും.