കോന്നി: പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി കൂടൽ രാജഗിരി റോഡിലെ കൂടൽ ജംഗ്ഷനിൽ ഓടയുടെ പണിയുടെ ഭാഗമായി റോഡ് മുറിച്ചിട്ടത് നാട്ടുകാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനെ തുടർന്ന് കൂടൽ ടൗൺ എൽ.പി സ്കൂളിലെ ബസുകൾ കിലോമീറ്ററുകൾ ചുറ്റി കറങ്ങിയാണ് പോകുന്നത്. കോന്നി, പത്തനാപുരം, കലഞ്ഞൂർ മേഖലയിലെ സ്കൂളുകളുടെ ബസുകളും റോഡ് മുറിച്ചതുമൂലം ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. കൂടൽ ടൗൺ എൽ.പി സ്കൂൾ ഇതുമൂലം നേരത്തെ വിടേണ്ട അവസ്ഥയിലുമാണ്. ഓടക്കുവേണ്ടി റോഡിന്റെ പകുതി ഭാഗം നിലനിറുത്തി പണിയുന്നതിന് പകരം റോഡ് മുഴുവൻ മുറിച്ചതാണ് വാഹന ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നത്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് കൂടൽ ടൗൺ എൽ.പി സ്കൂൾ പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു.