ചെങ്ങന്നൂർ: ശബരിമല ദർശനത്തിനായി ചെങ്ങന്നൂരിലെത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരെ വ്യാപാരികൾ കൊളളയടിക്കുന്നത് തടയാൻ ഉദ്യോഗസ്ഥർക്ക് സമയമില്ല. ഇവരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവർത്തിയെന്ന് നടക്കുന്നതെന്ന് അയ്യപ്പ ഭക്ത സംഘടനകൾ ആരോപിച്ചു. തീർത്ഥാടകരെ വൻതോതിൽ ചൂഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കടയുടമകൾ പേരിന് വില കുറച്ചിട്ടുണ്ട്. ചായ 15-ൽ നിന്നും 12 ആക്കി കുറച്ചു. വട 20-ൽ നിന്നും 15-ഉം, ഊണ് - 140-ൽ നിന്നും 120 ആയും കുറച്ചിട്ടുണ്ട്. എന്നാൽ ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലയിൽ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ കച്ചവടക്കാർ ഇന്നലെയും തയാറായില്ല. തീർത്ഥാടനം മുന്നിൽകണ്ട് കച്ചവടം ആരംഭിച്ചവരാണ് തീർത്ഥാടകരെ പിഴിയുന്ന വില ഈടാക്കുന്നത്. ഇത്തരം കച്ചവടം മൂലം വർഷങ്ങളായി മേഖലയിൽ വ്യാപാരം നടത്തുന്നവരും പ്രതിസന്ധിയിലാണ്. ഇതിന് പുറമേ വിലവിവര പട്ടികയും കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ല. തീർത്ഥാടകരുമായി ബന്ധപ്പെട്ട സംഘടനകൾ അടക്കം പരാതി നൽകിയിട്ടും ഭക്ഷ്യ സുരക്ഷ, ആരോഗ്യ വിഭാഗങ്ങൾ ശക്തമായ പരിശോധന നടത്താൻ ഇനിയും തയാറാകാത്തത് നിഗൂഡമാണ്.

........................

തീർത്ഥാടകരെ ചൂഷണംചെയ്യുന്ന വ്യാപാരികൾക്കെത്തിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധന നടത്താൻ തയാറാകാത്ത ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്തരം ചൂഷണങ്ങൾക്ക് കാരണം. ഇത്തരക്കാർക്കെതിരെ സംഘടനാപരമായും നിയമ പരമായും പോരാടും.

ബാബു കല്ലൂത്ര

(അഖിലഭാരത

അയ്യപ്പസേവാസംഘം

സംസ്ഥാന കമ്മിറ്റി അംഗം)