ഓമല്ലൂർ : ഓമല്ലൂർ - പ്രക്കാനം - ഇലന്തൂർ റോഡിൽ ചീക്കനാൽ കത്തോലിക്കാ പള്ളിപ്പടിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചന്ദനപ്പള്ളി തെക്കേമുറിയിൽ പ്രവീൺ കോശി (35) ആണ് മരിച്ചത്. സ്കൂട്ടറിൽ പ്രവീണിന്റെ ഒപ്പമുണ്ടായിരുന്ന പിതൃസഹോദരന്റെ മകൻ ഷിബു ഡേവിഡിന് (42) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇലന്തൂർ ഭാഗത്തുനിന്ന് വന്ന കാറും ഓമല്ലൂർ ഭാത്തുനിന്നുവന്ന സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് 4.45 ന് ആയിരുന്നു അപകടം. മാത്തൂർ ചോദിക്കിനേത്ത് പുത്തൻ വീട്ടിൽ മോൻസി (46) ആണ് കാർ ഓടിച്ചിരുന്നത്. സ്കൂട്ടറിന്റെ പിന്നിലായിരുന്ന ഷിബു ഇടിയുടെ ആഘാതത്തിൽ സമീപത്തുള്ള വീടിന്റെ പാരപെറ്റിൽ ഇടിച്ച് തെറിച്ചുവീണു. ഷിബുവിന്റെ വീടിന്റെ പാലുകാച്ചാൽ ചടങ്ങിന് ബന്ധുക്കളെ ക്ഷണിക്കാൻ പോയതാണ് ഇരുവരും. പ്രവീണിന്റെ ഭാര്യ : ജോജി.ടി വർഗീസ് സെന്റ് ജോർജ് മൗണ്ട് എച്ച്.എസ് കൈപ്പട്ടൂർ, മകൾ : നിമ പ്രവീൺ.