പത്തനംതിട്ട : ഇന്ന് ലോക ഭിന്ന ശേഷി ദിനം. സർക്കാർ ഓഫീസുകളിലടക്കം ഭിന്നശേഷി സൗഹൃദമില്ലാത്ത ജില്ലയാണ് പത്തനംതിട്ട. പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലെല്ലാം പടി കയറി വേണം എത്താൽ. കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങി ജില്ലയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നും ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലുള്ള റാമ്പ് ക്രമീകരിച്ചിട്ടില്ല. പുതിയതായി നിർമ്മിക്കുന്ന വില്ലേജ്, പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങളിൽ റാമ്പ് ക്രമീകരിക്കുന്നുണ്ടെങ്കിലും പഴയ കെട്ടിടങ്ങളെല്ലാം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

നടപ്പാതകൾ റോഡിൽ നിന്ന് കുറച്ചുകൂടി

ഉയർന്നിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റ് സ്ഥാപനങ്ങളും കടകളും ഇതേ രീതിയിൽത്തന്നെ . പടികൾ കയറാൻ പറ്റാത്ത ഭിന്നശേഷിക്കാർക്ക് സഹായകമായ ബസ് സൗകര്യം പോലും ജില്ലയിലെങ്ങുമില്ല. കെ.എസ്.ആർ.ടി.സി ബസുകളുടെ പോലും സ്ഥിതി ഇതാണ്.

ജോലിക്കായുള്ള ഇന്റർവ്യു ആണ് ജില്ലയിലെ ഭിന്നശേഷിക്കാരായുള്ള യുവതലമുറ നേരിടുന്ന മറ്റൊരു പ്രശ്നം. ജോലിയ്ക്ക് ഇന്റർവ്യുവിന് എത്തുമ്പോൾ ആംഗ്യ ഭാഷ വശമുള്ള ആരും പാനലിൽ കാണില്ല.

2015 ലെ സെൻസസ് പ്രകാരം 30447 ഭിന്നശേഷിക്കാരുണ്ട് ജില്ലയിൽ. നിലവിൽ അതിൽ കൂടുതൽ പേർ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 17105 പേർ സ്ത്രീകളും 13309 പുരുഷൻമാരും 33 പേർ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുമാണ്. 2499 പേർ കിടപ്പ് രോഗികളാണ്