കോന്നി: വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി ബന്ധുക്കൾ പഞ്ചാബിലെത്തി. മരിച്ച സുജിത്തിന്റെ പിതാവും ഭാര്യാപിതാവും അടുത്ത ബന്ധുവുമാണ് പഞ്ചാബിലാലെത്തിയത്. മലയാലപ്പുഴ ചേറാടി സുരാജ് ഭവനിൽ രാജന്റെയും സുശീലയുടെയും മകനായ സുജിത്തിനെ പഞ്ചാബിലെ ഭട്ടിൻഡയിൽ സൈനിക കേന്ദ്രത്തിലെ കിടപ്പുമുറിയിലാണ് വ്യാഴാഴ്ച രാവിലെ 11.30 ന് വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനായിരുന്നു സുജിത്ത്. രണ്ട് മാസം മുമ്പ് നാട്ടിലെത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതിയാണ്. അന്ന് സുജിത്ത് ഗുരുനാഥൻമണ്ണിലെ ബന്ധുവീട്ടിൽ പോയിരുന്നു. വ്യാജവാറ്റ് നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ ഇൗ സമയം ബന്ധുവിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തി.തുടർന്നാണ് സുജിത്ത് എക്സൈസ് ഉദ്യേഗസ്ഥരെ ആക്രമിച്ചത്. പിന്നീട് കേസിൽ ജാമ്യം എടുക്കാതെ സുജിത്ത് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. സംഭവത്തിൽ സുജിത്തിനെ രണ്ടാം പ്രതിയാക്കി ചിറ്റാർ പൊലീസ് കേസെടുത്തിരുന്നു. വിവരം സുജിത്ത് ജോലി ചെയ്യുന്ന സൈനിക കേന്ദ്രത്തിൽ പൊലീസ് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് സുജിത്ത് കടുത്ത മാനസീക സമ്മർദ്ദത്തിലായിരുന്നു എന്ന് പറയപ്പെടുന്നു .