 
മല്ലപ്പള്ളി : ശാസ്താംകോയിക്കൽ - പെരുമ്പാറ - എഴുമറ്റൂർ റോഡ് ഉന്നത നിലവാരത്തിലാക്കാൻ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു. കോട്ടാങ്ങൽ - പാടിമൺ റോഡിനെയും , പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് 3.8 കിലോമീറ്റർ ദൂരപരിധിയാണ് ഉള്ളത്. 4.5കോടി രൂപയ്ക്കാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. 9മാസമാണ് നിർമ്മാണ പൂർത്തീകരണത്തിനുള്ള കാലാവധി.ശാസ്താംകോയിക്കൽ മുതൽ വാഴക്കാല വരെയുള്ള ഭാഗങ്ങളിൽ ജി.എസ്.ബി.ഡബ്ല്യു.എം.എം എന്നിവ ഉപയോഗിച്ച് 5മുതൽ 5.50 മീറ്റർ വീതി വർദ്ധിപ്പിക്കൽ പദ്ധതിയാണ് പുരോഗമിക്കുന്നത്. രണ്ട് കലിങ്കുകളുടെ പുനർനിർമ്മാണവും, വീതി വർദ്ധിപ്പിക്കൽ,1000 ചതുരശ്ര മീറ്റർ ഇന്റർലോക്ക് കട്ടകളുടെ നിർമ്മാണം 200മീറ്റർ ക്രാഷ് ബാരിയർ, ഓട നിർമ്മാണം, ഗതാഗത സംരക്ഷണത്തിന് കരുതൽ നൽകുന്ന വിവിധതരം സൂചനാ ബോർഡുകൾ കൂടാതെ അനുബന്ധമായ സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തി ഉന്നത നിലവാരത്തിൽ ഉപരിതലം പുതുക്കലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 6വർഷമായി തകർന്ന നിലയിലുള്ള റോഡിൽ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് യാത്ര ചെയ്യുന്നത്.എഴുമറ്റൂർ മുതൽ വാഴക്കാല വരെയുള്ള ഭാഗവും പെരുമ്പാറ പ്രദേശങ്ങളും പൂർണമായി തകർന്ന നിലയിലായിരുന്നു. ഇരുചക്ര വാഹനങ്ങൾ അടക്കം ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായിരുന്നു. റോഡ് ഉന്നത നിലവാരത്തിൽ ആകുന്നതോടെ എഴുമറ്റൂർ, വാഴക്കാല,പെരുമ്പാറ,ശാസ്താംകോയിക്കൽ പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും.
...................
മഴ പെയ്താൽ റോഡിലെ വെള്ളക്കെട്ടു കാരണം കുഴിയും അതിന്റെ ആഴവും തിരിച്ചറിയാൻ സാധിക്കാതെ നിരവധി ആളുകളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയാകുന്നതോടെ യാത്രാ ക്ലേശത്തിനും, അപകട പരമ്പരയ്ക്കും പരിഹാരമാകും.
സുരേഷ് വാലുപാറ
(പെരുമ്പാറ സ്വദേശി)
.....................
നിർമ്മാണച്ചെലവ് 4.5 കോടി
കാലാവധി 9 മാസം