ചെങ്ങന്നൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രദേശത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കിടപ്പാടം സംരക്ഷിക്കാനുള്ള സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ നാട്ടുകാർക്ക് മേൽ പൊലീസ് ചുമത്തിയ കള്ളക്കേസുകൾ ഉടൻ പിൻവലിക്കണം. ജില്ലയിൽ മഞ്ഞക്കുറ്റികൾ സ്ഥാപിച്ച പദ്ധതി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇന്ന് കേരള ബാങ്ക് പോലും ലോൺ കൊടുക്കാൻ തയാറാകുന്നില്ല. കെട്ടിടത്തിനു പുതിയ നമ്പർ നൽകാനോ, വസ്തുവിന്റെ കരം അടയ്ക്കാനോ കഴിയാത്ത സാഹചര്യമാണ്. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. പിന്നീട് നടത്തിയ യോഗങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി ധിക്കാരത്തോടെയാണ് സംസാരിച്ചതെന്നും എം.പി. ആരോപിച്ചു.